കോഴിക്കോട്: നിയമസഭയിൽ കെ.കെ. രമ എം.എൽ.എക്കെതിരെ നടന്ന കൈയേറ്റത്തിനെതിരെ മാനാഞ്ചിറ എസ്.കെ സ്ക്വയറിൽ ആർ.എം.പി.ഐ നേതൃത്വത്തിൽ സാംസ്കാരിക പ്രവർത്തകർ നടത്തിയ ജനാധിപത്യ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. ആറ് സ്ത്രീകൾ ഉൾപ്പെടെ 28 പേരെ ടൗൺ പൊലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മിഠായിത്തെരുവിൽ പ്രതിഷേധമടക്കം പരിപാടികൾ സംഘടിപ്പിക്കുന്നതിന് വിലക്കുള്ളത് മുൻനിർത്തിയായിരുന്നു പൊലീസ് നടപടി. മിഠായിത്തെരുവ് ഭാഗത്തേക്കായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കെ.പി. പ്രകാശന്റെ അധ്യക്ഷതയിൽ യു.കെ. കുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഡോ. ആസാദ് സംസാരിക്കവെ പ്രതിഷേധം റോഡിനഭിമുഖമായി മാറ്റണമെന്ന് പൊലീസ് നിർദേശിച്ചു. എന്നാൽ, ഇതിന് സമയം നൽകാതെ പരിപാടി തടസ്സപ്പെടുത്തി സംഘാടകരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഇതോടെയാണ് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്.
അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ ആദ്യം കെ.പി. പ്രകാശനെയാണ് പിടിച്ചു വലിച്ച് പൊലീസ് വാഹനത്തിൽ കയറ്റിയത്. ബലപ്രയോഗത്തിലൂടെ ഡോ. ആസാദ്, വേണുഗോപാലൻ കുനിയിൽ അടക്കമുള്ളവരെയും പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ അടക്കമുള്ളവരെയും പൊലീസ് ബസിൽ കയറ്റി ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
ഇവരെ മെഡിക്കൽ എടുക്കണമെന്നുപറഞ്ഞ് ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതിഷേധക്കാർ വാഹനത്തിൽനിന്നിറങ്ങാതെ മുദ്രാവാക്യം മുഴക്കി. ആർ.എം.പി.ഐ നേതാക്കൾ അടക്കമുള്ളവർ എത്തി ചർച്ച നടത്തിയാണ് രംഗം ശാന്തമാക്കിയത്. നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പൊലീസ് ഇടപെടലിനെതിരെ നടപടി വേണമെന്ന് കൾച്ചറൽ ഫോറം കേരള ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.