കോഴിക്കോട്: മാലിന്യം നിറഞ്ഞ് കുപ്പത്തൊട്ടിയായി പുതിയകടവ് കടലോരം. ജനവാസ മേഖലയായ ഇവിടെ ടൺകണക്കിന് മാലിന്യമാണ് പരന്നുകിടക്കുന്നത്. പ്ലാസ്റ്റിക് ചാക്കുകൾ, ഷീറ്റുകൾ, കുപ്പി, ചെരിപ്പ്, പഴയ ഹെൽമറ്റുകൾ, തെർമോകോൾ, തുണി, മരത്തടികൾ, മറ്റുപ്ലാസ്റ്റിക് പാഴ്വസ്തുക്കൾ തുടങ്ങിയവയാണ് കടലോരത്തുള്ളത്.
വെള്ളയിൽ മത്സ്യബന്ധന തുറമുഖത്തോട് ചേർന്നുള്ള പ്രദേശമാണിത്. ആവിക്കൽതോട് കടലിൽ വന്നുപതിക്കുന്ന ഭാഗത്തോട് ചേർന്നാണ് ഏറ്റവും കൂടുതൽ മാലിന്യമുള്ളത്.
വേലിയേറ്റ സമയത്ത് മാലിന്യം കടലിലേക്ക് പരന്നൊഴുകുന്നത് മത്സ്യബന്ധന തൊഴിലാളികൾക്കും ദുരിതമാണ്. മാലിന്യം സമീപത്തെ വീട്ടുകാർക്ക് ആരോഗ്യ ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. വർഷങ്ങൾക്കുമുമ്പ് ഇവിടെ നിർമിച്ച കടൽഭിത്തി പലഭാഗത്തും തകർന്ന് കരിങ്കല്ലുകൾ കൂട്ടിയിട്ട പോലെയായിട്ടുണ്ട്. ഈ കല്ലുകൾക്കിടയിലെല്ലാം മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്.
വർഷത്തിലേറെയായി ഇവിടത്തെ മാലിന്യം നീക്കാൻ കോർപറേഷൻ അധികൃതർ ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. നഗരത്തെ 'ക്ലീൻ സിറ്റി' എന്നെല്ലാം പറഞ്ഞ് പ്രഖ്യാപനങ്ങൾ നടത്തുകയല്ലാതെ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല.
കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ഇങ്ങോട്ടയക്കുകയും മാലിന്യം ലോറിയിൽ കയറ്റിക്കൊണ്ടുപോവുകയും ചെയ്താൽ പ്രദേശത്തിന്റെ ആരോഗ്യ ഭീഷണിതന്നെ ഒഴിയും. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ഇതിനൊന്നും തയാറാവുന്നില്ല.
ആവിക്കൽ തോട്ടിലൂടെ കടലിലേക്കെത്തുന്നവയടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ കൂടിക്കിടക്കുന്നത്. ആവിക്കൽതോടിന് ഒഴുക്ക് കുറവായതിനാൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതും പതിവാണ്. മാത്രമല്ല, കൊതുകുകൾ പെറ്റുപെരുകുകയും ചെയ്യുന്നു. തെരുവുനായ് ശല്യവും പ്രദേശത്ത് രൂക്ഷമാണ്.
ആവിക്കൽ തോടിൽ മാലിനജല സംസ്കരണ പ്ലാൻറിന് കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കാൻ പോകുന്നത്. ഇതിന്റെ ആയിരത്തിലൊന്ന് തുകയുണ്ടെങ്കിൽ ജനകീയമായി പ്രദേശം മൊത്തമായി ശുചീകരിക്കാനാവുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.