പെരിന്തല്‍മണ്ണ: വീട്ടുകാർ പുറത്തുപോയ സമയംനോക്കി ആലിപ്പറമ്പ് പാറക്കണ്ണിയിൽ വീട് കുത്തിത്തുറന്ന് 19 പവനും 18,000 രൂപയും മോഷ്ടിച്ച കേസിൽ പ്രതികളുമായി പൊലീസ് വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തി. കൊട്ടാരക്കര ഏഴുകോണ് സ്വദേശി അഭിരാജ് (29), കോഴിക്കോട് താമരശ്ശേരി സ്വദേശി മണി (36) എന്നിവരെയാണ് മോഷണം നടന്ന തച്ചൻകുന്നൻ ഗഫൂറിെൻറ വീട്ടിലെത്തിച്ച് തെളിവെടുത്തത്. വീടിനകത്ത് കയറിയ രീതിയും മോഷണം നടത്തിയതും പ്രതികള്‍ പൊലീസിനോട് വിശദീകരിച്ചു.
കവർച്ച നടത്തിയതിൽ ആറു പവന് ആഭരണങ്ങളും 91,000 രൂപയും കണ്ടെടുത്തു. കുറച്ച് സ്വര്‍ണം വില്‍ക്കുകയും പണയം വെക്കുകയും ചെയ്തിട്ടുണ്ട്. ഇത് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്ന് സി.ഐ സുനില്‍ പുളിക്കല്‍ അറിയിച്ചു. മോഷണം നടത്താന്‍ ഉപയോഗിച്ച സാമഗ്രികള്‍ കണ്ടെടുത്തു.
റിമാന്‍ഡിലായ പ്രതികളെ വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. ബൈക്കില്‍ ഉള്‍പ്രദേശങ്ങളിലൂടെ കറങ്ങുകയും ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തുകയുമാണ് പ്രതികളുടെ രീതി. വീടുകളിലെത്തി വാതിലില്‍ മുട്ടുകയും കാളിങ് ബെല്‍ അടിക്കുകയും ചെയ്യും. പലതവണ ഇങ്ങനെ ചെയ്തിട്ടും വാതില്‍ തുറന്നില്ലെങ്കില്‍ ആളില്ലെന്നുറപ്പിച്ച് പൂട്ടും മറ്റും തകര്‍ത്താണ് അകത്തുകടന്നിരുന്നത്.
ആളുണ്ടെന്ന് കണ്ടാല്‍ ഏതെങ്കിലുമൊരു വ്യക്തിയുടെ പേരും വിലാസവും ചോദിക്കും. അയാളെ അന്വേഷിച്ചെത്തിയതാണെന്ന് പറഞ്ഞ് സ്ഥലത്തുനിന്ന് രക്ഷപ്പെടും. മോഷ്ടാക്കൾക്ക് പ്രാദേശികമായി സഹായം ഒന്നും ലഭിച്ചിട്ടില്ലെന്നും വീട് ഇവർതന്നെ കണ്ടെത്തിയതാണെന്നും പൊലീസ് അറിയിച്ചു. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതികളെ കാണാന്‍ വൻ ജനക്കൂട്ടമാണെത്തിയത്. സി.ഐക്ക് പുറമെ, എസ്.ഐ സി.കെ. നൗഷാദ്, എ.എസ്.ഐ സുകുമാരന്‍, എസ്.സി.പി.ഒ ഫൈസല്‍, സി.പി.ഒമാരായ സജീര്‍, മിഥുന്, ദിനേശ്, പ്രഭുല്‍, നികേഷ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.