കോഴിക്കോട്: മുഴുവന്‍ ഭിന്നശേഷിക്കാർക്കും അടിസ്ഥാന രേഖ ഉറപ്പാക്കുന്ന ആദ്യ ജില്ലയാവാൻ കോഴിക്കോട്. അപൂര്‍വ നേട്ടം കൈവരിക്കാന്‍ ജില്ല ഭരണകൂടം ആവിഷ്കരിച്ച ‘സഹമിത്ര’ പദ്ധതി പ്രകാരം ജൂണ്‍, ജൂലൈ മാസങ്ങളിൽ അംഗൻവാടി തലങ്ങളില്‍ നടത്തിയ ഭിന്നശേഷിക്കാരുടെ വിവര ശേഖരണത്തെ തുടര്‍ന്നുള്ള ഡേറ്റ എന്‍ട്രി പ്രവൃത്തി പുരോഗമിക്കുകയാണ്. ഇനിയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും കേന്ദ്ര സര്‍ക്കാറിന്റെ യു.ഡി.ഐ.ഡി കാര്‍ഡും കൈവശമില്ലാത്തവര്‍ക്ക് തുടര്‍ നടപടികള്‍ വേഗത്തിലാക്കി വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം.
ശേഖരിച്ച മുഴുവന്‍ വിവരങ്ങളും ജില്ലയിലെ കോളജുകളുടെയും നാഷനല്‍ സർവിസ് സ്കീം, കാമ്പസസ് ഓഫ് കോഴിക്കോട് സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. രണ്ടാഴ്ചക്കിടെ 20,000ത്തോളം പേരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തു. ആകെ 60,000ത്തില്‍ പരം അപേക്ഷകളാണ് ഇതിനകം ശേഖരിച്ചത്.
രജിസ്ട്രേഷന് പ്രവര്‍ത്തിക്കായി സജ്ജീകരിച്ച മെഗാ ഡേറ്റ എന്‍ട്രി ക്യാമ്പ് ബുധനാഴ്ച ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ നടക്കും. ദേവഗിരി സെന്റ് ജോസഫ്സ് കോളജ്, വെസ്റ്റ്ഹില്‍ ഗവ. എൻജിനീയറിങ് കോളജ്, നടക്കാവ് ഹോളി ക്രോസ് കോളജ്, പ്രൊവിഡന്‍സ് വിമന്‍സ് കോളജ്, ജെ.ഡി.ടി ഗവ. പോളി ടെക്നിക് കോളജ്, കോഴിക്കോട് ഗവ. പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലെ സ്റ്റുഡന്റ് വളന്റിയര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
ഇതിനകം വെസ്റ്റ്ഹില്‍ ഗവ. എൻജിനീയറിങ് കോളജ്, ഉള്ള്യേരി എം.ഡിറ്റ്, വടകര എൻജിനീയറിങ് കോളജ്, മടപ്പള്ളി ഗവ. കോളജ്, പേരാമ്പ്ര സി.കെ.ജി.എം കോളജ്, മൊകേരി ഗവ. കോളജ്, മുക്കം ഡോണ്‍ ബോസ്കോ കോളജ്, ഫാറൂക്ക് കോളജ് എന്നിവിടങ്ങളില്‍ താലൂക്കു തല ക്യാമ്പുകള്‍ നേരത്തേ നടന്നു. ഭിന്നശേഷി മേഖലയിലെ വെല്ലുവിളികള്‍ ജനകീയ പങ്കാളിത്തത്തോടെ അഭിമുഖീകരിക്കുകയും കൂട്ടായി പരിഹാരം തേടുകയുമാണ് ‘സഹമിത്ര’ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
അടിസ്ഥാന ഭിന്നശേഷി അംഗീകാര രേഖകളുടെ വിതരണം, വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കല്‍, അടിസ്ഥാന സൗകര്യ വികസനം, അവബോധ കാമ്പയിനുകള്‍ തുടങ്ങിയവയാണ് മുഖ്യമായവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.