കോഴിക്കോട്: കാലപ്പഴക്കത്താൽ തകർന്നുവീഴാറായ കെട്ടിടത്തിൽനിന്ന് ബീച്ച് അഗ്നിരക്ഷ സേനയെ രക്ഷപ്പെടുത്താൻ സഹായിക്കാതെ ജില്ല ഭരണകൂടം ‘കൈകഴുകി’. ഇതോടെ ബീച്ച് ഫയർ സ്റ്റേഷനിലെ സേനാംഗങ്ങളെ സമീപ സ്റ്റേഷനുകളിലേക്ക് മാറ്റണമെന്ന ആലോചനയാണ് നടക്കുന്നത്.
നഗരത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായിട്ടുപോലും ജില്ല കലക്ടർ എ. ഗീതയും ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ അടക്കമുള്ള ജനപ്രതിനിധികളും ശക്തമായ ഇടപെടൽ നടത്തുന്നില്ല എന്ന വിമർശനമാണ് ഇതോടെ ഉയരുന്നത്.
കെട്ടിടം അപകടത്തിലായതോടെ ബീച്ച് ഫയർ സ്റ്റേഷനെ വെള്ളയിൽ ഫിഷറീസ് മേഖല ഓഫിസ് വളപ്പിലെ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റാൻ കലക്ടർ ഉത്തരവിടുകയായിരുന്നു. തുടർന്ന് ഒരു യൂനിറ്റ് ഇവിടേക്ക് മാറിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാകാത്തത് പ്രതിസന്ധിയായി.
താൽക്കാലിക ഗാരേജ് അടക്കം സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫിഷറീസ് വകുപ്പ് ഉടക്കിടുകയായിരുന്നു. പിന്നാലെ പൈതൃകമായ കെട്ടിടം സംരക്ഷിക്കണമെന്നും ഫിഷറീസ് മ്യൂസിയം ഒരുക്കേണ്ടതിനാൽ വിട്ടുനൽകണമെന്നും വകുപ്പ് ആവശ്യപ്പെട്ടു.
ഇതോടെ, കെട്ടിടം അഗ്നിരക്ഷ സേനക്ക് വിട്ടുനൽകാൻ ഉത്തരവിട്ട കലക്ടറിപ്പോൾ കെട്ടിടം മഴക്കുശേഷം തിരിച്ചുനൽകാൻ അഗ്നിരക്ഷ സേനയോട് നിർദേശിച്ചിരിക്കയാണ്. നിലവിലെ കെട്ടിടത്തിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തുകയോ, പുതിയ കെട്ടിടം സ്വന്തംനിലയിൽ കണ്ടെത്തുകയോ ചെയ്യാനും അഗ്നിരക്ഷ സേനയോട് കലക്ടർ നിർദേശിച്ചിട്ടുണ്ട്.
നഗര സുരക്ഷ മുൻനിർത്തിയുള്ള ഗൗരവതരമായ ആലോചനകൾപോലും ജില്ല ഭരണകൂടത്തിൽ നിന്നുണ്ടായില്ലെന്നത് സേനാംഗങ്ങൾക്കിടയിലും വലിയ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. മിഠായിത്തെരുവിൽ അടിക്കടി തീപിടിത്തമുണ്ടായി കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായപ്പോൾ സർക്കാർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സാറ്റലൈറ്റ് ഫയർസ്റ്റേഷൻ പ്രഖ്യാപിക്കുകയും ഇവിടേക്ക് ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു.
എന്നാൽ, റെയിൽവേ അധികൃതർ സ്ഥലം അനുവദിക്കാതിരിക്കുകയും നഗരമധ്യത്തിൽ മറ്റു സ്ഥലം ഒരുക്കാൻ കഴിയാതാവുകയും ചെയ്തതോടെ ഈ സ്റ്റേഷൻ ഇതുവരെ ആരംഭിക്കാനായിട്ടില്ല. ഈ ജീവനക്കാരും നിലവിൽ ബീച്ച് ഫയർസ്റ്റേഷന്റെ ഭാഗമാണ്. നഗരത്തിലെവിടെ തീപിടിത്തവും മറ്റ് അത്യാഹിതങ്ങളുമുണ്ടായാലും മിനിറ്റുകൾക്കകം ബീച്ച് ഫയർ സ്റ്റേഷനിൽനിന്നാണ് യൂനിറ്റ് എത്തുന്നത്.
അതിനാൽതന്നെ ഈ സ്റ്റേഷനിലെ ജീവനക്കാരെ സമീപ സ്റ്റേഷനുകളായ മീഞ്ചന്ത, വെള്ളിമാട്കുന്ന്, കൊയിലാണ്ടി എന്നീ സ്റ്റേഷനുകളിലേക്ക് മാറ്റി. ബീച്ച് സ്റ്റേഷന്റെ പ്രവർത്തനം താൽക്കാലികമായി പോലും ഇല്ലാതാകുന്നത് നഗരത്തിന്റെ സുരക്ഷക്ക് വെല്ലുവിളിയുമാണ്. നഗര സുരക്ഷയിലെ മുൻനിരക്കാരായ ബീച്ച് ഫയർ സ്റ്റേഷന് താൽക്കാലിക സൗകര്യം ഒരുക്കിനൽകാതെ സ്വന്തം നിലക്ക് കെട്ടിടം കണ്ടെത്താൻ ജില്ല ഫയർ ഓഫിസറോട് നിർദേശിച്ചതിലും കടുത്ത വിമർശനമാണ് ഉയരുന്നത്.
വകുപ്പുകളുടെ ഏകോപനം പോലുമുണ്ടാക്കാൻ കഴിയാത്തത് ജില്ല ഭരണകൂടത്തിന്റെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ ബീച്ച് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ 17 കോടി രൂപ ചെലവ് വരുന്ന പദ്ധതി സർക്കാറിന് സമർപ്പിച്ചെങ്കിലും ഇതിന് ഭരണാനുമതി ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.