കോഴിക്കോട്: സ്കൂളുകളിലെ പാചകത്തൊഴിലാളികൾക്ക് രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല. ജില്ലയിൽ മാത്രം ആയിരത്തോളം പേർക്കാണ് ജൂൺ, ജൂലൈ മാസത്തെ വേതനം ലഭിക്കാത്തത്. ഇതോടെ നൂറുകണക്കിന് കുട്ടികൾക്ക് ദിവസവും വെച്ചുവിളമ്പുന്നവർ സ്വന്തം വീട്ടിലെ അടുക്കളയിൽ തീ പുകയ്ക്കാൻ പാടുപെടുകയാണ്.
സ്കൂൾ പൂട്ടിയ ഏപ്രിൽ, മേയ് മാസങ്ങളിൽ മാസം 2000 രൂപ തോതിൽ സമാശ്വാസം എന്നനിലക്ക് തുക അനുവദിച്ചിരുന്നു. സ്കൂൾ പൂട്ടുമ്പോൾ ഓരോ തൊഴിലാളിക്കും ഈ ഇനത്തിൽ ലഭിക്കേണ്ട 4000 രൂപയും മാസങ്ങൾ കഴിഞ്ഞിട്ടും കുടിശ്ശികയാണ്. 2017-18 വർഷത്തെ ബജറ്റിൽ അന്നത്തെ ധനമന്ത്രി ടി.എം. തോമസ് ഐസക് സ്കൂൾ പാചകത്തൊഴിലാളികൾക്ക് ഓരോ ദിവസവും 50 രൂപ വീതം വേതനം വർധിപ്പിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഇതും വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പായില്ല.
ശമ്പളം കിട്ടാത്തതിനെ തുടർന്ന് ജൂലൈ 23ന് തൊഴിലാളികൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം കോഴിക്കോട്ടെ വിവിധ സ്കൂളുകളിൽ ഉദ്ഘാടനങ്ങൾക്കെത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചത് രണ്ടു ദിവസത്തിനകം സ്കൂൾ പാചകത്തൊഴിലാളികളുടെ ശമ്പളം നൽകുമെന്നാണ്. എന്നാൽ, ഇത്രകാലമായിട്ടും മന്ത്രിയും വാക്കുപാലിച്ചില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
സ്കൂളുകളിലെ അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമെല്ലാം കൃത്യമായി ശമ്പളം ലഭിക്കുമ്പോഴാണ് തങ്ങളെ അധികൃതർ അവഗണിക്കുന്നത് എന്നാണ് തൊഴിലാളികളുടെ പരാതി.
പൊതുവെ സാമ്പത്തികമായി ഏറെ പിന്നാക്കമുള്ളവരാണ് ഈ വിഭാഗത്തിലെ തൊഴിലാളികളെന്നതിനാൽ വേതനം മുടങ്ങിയതോടെ പലരും നിത്യചെലവിന് പോലും പാടുപെടുകയാണ്. നിലവിൽ പ്രതിദിനം 600 രൂപ തോതിലാണ് ഇവർക്ക് കൂലി ലഭിക്കുന്നത്. 500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നതാണ് നിലവിലെ കണക്ക്.
കുട്ടികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടാകുമ്പോഴേക്ക് സ്കൂൾ പി.ടി.എകൾ തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യമുണ്ടെന്നും ഇതവസാനിപ്പിക്കണമെന്നും കേരള സംസ്ഥാന സ്കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) പ്രസിഡന്‍റ് വി.പി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ക്ഷേമനിധി, പെൻഷൻ, ഇൻഷുറൻസ് തുടങ്ങി മറ്റാനുകൂല്യങ്ങൾ ലഭിക്കാത്തവരാണ് ഈ തൊഴിലാളികൾ അതിനാൽ മാസശമ്പളം കൃത്യമായി ലഭിക്കാൻ വഴിയുണ്ടാകണം.
സ്കൂളുകളിലെ ഉച്ചഭക്ഷണം കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. കേന്ദ്രസർക്കാർ ഓരോ വർഷവും തുക വിഹിതം വെട്ടിക്കുറക്കുന്നതാണ് പ്രതിസന്ധിയാവുന്നത്.
ശമ്പളം ഉടൻ ലഭിക്കാത്ത പക്ഷം ഉച്ചഭക്ഷണമുണ്ടാക്കുന്നത് നിർത്തിവെച്ചുള്ള സമരമാണ് ഇനി നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നത് 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്നാക്കണമെന്നും ഓണത്തിന് അലവൻസ് അനുവദിക്കണമെന്നുമാണ് ഇവരുടെ മറ്റാവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.