നാദാപുരം: തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഗോഡൗണിൽ സൂക്ഷിച്ച വിലപിടിച്ച ചെരിപ്പ് ശേഖരം പൂർണമായും കത്തിനശിച്ചു. 25 ലക്ഷം രൂപയിലധികം നഷ്ടംവന്നതായി കണക്കാക്കുന്നു. കക്കംവെള്ളിയിൽ പുതുതായി പ്രവർത്തനമാരംഭിച്ച ജാക്ക് കോസ്റ്റർ ബ്രാൻഡഡ് ചെരിപ്പ് വിൽപന കേന്ദ്രമാണ് കത്തിനശിച്ചത്.
ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. കടയുടെ ബോർഡിൽനിന്നും പടർന്ന തീ മുകൾനിലയിൽ ചെരിപ്പുകൾ സൂക്ഷിച്ച മുറിയിലേക്ക് പടരുകയായിരുന്നു. നിമിഷങ്ങൾക്കകം മുകൾ നിലയിലെ മുറി കത്തിച്ചാമ്പലായി. ചേലക്കാട് നിന്നെത്തിയ രണ്ടു യൂനിറ്റ് ഫയർഫോഴ്സ് സംഘം ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്.
കുമ്മങ്കോട് സ്വദേശി ഒതിയോത്ത് അജ്മൽ അടങ്ങുന്ന ബിസിനസ് ഗ്രൂപ്പിന്റേതാണ് സ്ഥാപനം. 25 ലക്ഷം രൂപയുടെ പുത്തൻ സ്റ്റോക്ക് കഴിഞ്ഞ ദിവസമാണ് കടയിലെത്തിയതെന്ന് ഉടമകൾ പറഞ്ഞു. മുകൾഭാഗത്തെ ഗോഡൗണിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കടയുടെ ബോർഡിനടിയിൽനിന്നാണ് ആദ്യം തീപടർന്നതെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. നിമിഷങ്ങൾക്കകം തീ ഗോഡൗണിലേക്ക് പടരുകയും ഉൽപന്നങ്ങൾ വെണ്ണീരായി മാറുകയുമായിരുന്നു.
സൈൻ ബോർഡിലെ വൈദ്യുതി ലൈറ്റിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ഗോഡൗണിനുള്ളിൽ വൈദ്യുതി കണക്ഷൻ നൽകിയിട്ടില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, സെക്രട്ടറി ഷാഹുൽ ഹമീദ്, വ്യാപാരി നേതാക്കളായ ഏരത്ത് ഇഖ്ബാൽ, കണേക്കൽ അബ്ബാസ്, ഹാരിസ് മാത്തോട്ടം, സി.ഐ. ഫായിസ് അലി, തഹസിൽദാർ കെ.വി. സുധീർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.