കോഴിക്കോട്: മഴക്കാലപൂർവ ശുചീകരണത്തിനും മാലിന്യ സംസ്കരണത്തിനും ആരോഗ്യവകുപ്പ് തീവ്ര പ്രചാരണ നടപടി സ്വീകരിക്കുമ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യക്കൂമ്പാരം ചീഞ്ഞളിഞ്ഞ് കൊതുക് പെരുകി ദുർഗന്ധം വമിക്കുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. ദിവസേന ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന ആശുപത്രിയിലെ മാലിന്യം സംസ്കരിക്കാൻ ഒരു ഇൻസിനേററ്റർ മാത്രമാണ് പ്രവർത്തിക്കുന്നത്.
രണ്ട് ഇൻസിനേററ്റർ ഉടൻ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടു. മഴ തുടങ്ങിയിട്ടും യോഗങ്ങൾ വിളിച്ചുകൂട്ടുന്നതിനപ്പുറം നടപടിയൊന്നും ആയിട്ടില്ല. കരാറുകാരെ നിശ്ചയിച്ച് ക്വട്ടേഷൻ സ്വീകരിക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ഇൻസിനേററ്റർ സ്ഥാപിക്കുമ്പോഴേക്കും മാസങ്ങൾ പിന്നിടും.
ആശുപത്രി സമീപത്തെ മാലിന്യക്കൂമ്പാരം രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരു പോലെ വലക്കുകയാണ്. മഴയാരംഭിച്ചതോടെ കെട്ടിവെച്ച ചാക്കുകെട്ടുകളിൽ വെള്ളം നിറഞ്ഞ് പകർച്ചവ്യാധി ഭീഷണിയിലാണ് ആശുപത്രി പരിസരം. ഇതിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ പരിസരത്ത് കൂടെ പോകാൻ കഴിയാത്ത സാഹചര്യമാണ്.
കൊതുകിന്റെ കടിയേറ്റും ദുർഗന്ധം ശ്വസിച്ചും മറ്റ് അസുഖങ്ങൾ പടരുമോ എന്ന ആശങ്കയിലാണ് മെഡിക്കൽ കോളജിലെത്തുന്നവർ. ആശുപത്രിയുടെ പിറകുവശത്ത് ഭക്ഷണാവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടതിനാൽ തെരുവുനായ്ക്കളുടെ സങ്കേതവുമാണ്.
ആശുപത്രിക്ക് സമീപമുള്ള പ്ലാന്റിലെ ഇൻസിനേററ്റർ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 150 കിലോ മാത്രമാണ് ഇതിൽ സംസ്കരിക്കാൻ സാധിക്കുക. മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു സമീപത്തെ 150 കിലോ സംസ്കരണ ശേഷിയുള്ള ഇൻസിനേററ്റർ മാസങ്ങൾക്കു മുമ്പ് പണിമുടക്കിയിട്ടും ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു സമീപത്തെ പ്ലാന്റ് ചികിത്സക്കെത്തുന്നവർക്ക് പ്രയാസം സൃഷ്ടിക്കുമെന്നും ഇത് ആൾവാസമില്ലാത്ത സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. ആശുപത്രിക്ക് പടിഞ്ഞാറു ഭാഗത്തെ പുതിയ പ്ലാന്റ് സ്ഥാപിച്ച് അതിൽ രണ്ട് ഇൻസിനേററ്റർ സ്ഥാപിക്കാനാണ് പദ്ധതി. മണിക്കൂറിൽ 200 കിലോയും 150 കിലോയും കത്തിക്കാൻ ശേഷിയുള്ള രണ്ട് ഇൻസിനേററ്റർ സ്ഥാപിക്കാനാണ് തീരുമാനം.
ദിവസവും ശരാശരി 5000 കിലോ മാലിന്യമാണ് മെഡിക്കൽ കോളജിൽനിന്ന് പുറംതള്ളുക. ഇതിൽ 3500 കിലോ ജൈവമാലിന്യമാണ് മെഡിക്കൽ കോളജിൽ ഇൻസിനറേറ്ററിൽ സംസ്കരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം മാത്രമാണ് പുറത്തേക്ക് കൊണ്ടുപോവുന്നത്. പുതിയ രണ്ട് പ്ലാന്റുകൾ കൂടി വന്നാൽ തന്നെ പ്ലാന്റ് അധിക സമയം മാസങ്ങളോളം പ്രവർത്തിപ്പിച്ചാൽ മാത്രമേ കുമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യം സംസ്കരിച്ചുതീർക്കാൻ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.