കോഴിക്കോട്: ആവിക്കൽ തോടിനുസമീപം കോർപറേഷൻ പണിയുന്ന മലിനജല സംസ്കരണ പ്ലാന്റിനെച്ചൊല്ലിയുള്ള പ്രതിഷേധം തൊട്ടടുത്ത വാർഡിലെ ജനസഭയിലുമെത്തി. തോട്ടത്തില്‍ രവീന്ദ്രന് എം.എൽ.എ പങ്കെടുത്ത യോഗം കൂക്കുവിളിയിലും ബഹളത്തിലും അവസാനിച്ചു. സംഘർഷത്തിൽ കുട്ടികളടക്കം പലർക്കും പരിക്കേറ്റു.
വെള്ളയിൽ വാർഡിനോട് ചേർന്ന തോപ്പയില്‍ ജനസഭ കൗൺസിലർ സി.പി. സുലൈമാന്റെ അധ്യക്ഷതയിൽ നടക്കുന്നതിനിടെയാണ് സ്ത്രീകളടക്കമുള്ളവര്‍ ഉൾപ്പെട്ട സമരസമിതിയുടെ പ്രതിഷേധം. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പൊലീസ് കാവലിലാണ് യോഗം നടന്ന തോപ്പയിൽ ഡീലക്സ് ഹാളില്‍നിന്ന് എം.എല്‍.എയടക്കമുള്ളവരെ പുറത്തിറക്കിയത്. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ജനകീയ സമരസമിതി വൈസ് ചെയർപേഴ്സൻ ജ്യോതി പ്രഭാകരന്റെ വസ്ത്രം കീറി. പൊലീസ് നടപടിക്കിടെയാണ് കീറിയതെന്ന് അവർ ആരോപിച്ചു.
ശനിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു 67ാം വാർഡ് ജനസഭ. തോട്ടത്തിൽ രവീന്ദ്രൻ സംസാരിച്ച് കഴിഞ്ഞ ഉടൻ മലിനജല പ്ലാന്റിനെതിരെ ചിലർ ചോദ്യവുമായി എഴുന്നേറ്റു. ചോദ്യം അനുവദിച്ചില്ലെന്ന് ജനകീയ സമരസമിതി കണ്‍വീനര്‍ ഇര്ഫാന് ഹബീബ് ആരോപിച്ചു. സ്ത്രീകളാണ് ആദ്യം പ്രതിഷേധിച്ചത്. ഹാളിൽ ബഹളം കനത്തതോടെ പുറത്തുനിന്നുള്ള സമരക്കാരും ഹാളിൽ കയറാന്‍ നോക്കി. പൊലീസ് ഇവരെ തടഞ്ഞതോടെ സംഘർഷം കനത്തു. വാർഡ് സഭ അവസാനിച്ചതായി പ്രഖ്യാപിച്ചു.
എം.എല്‍.എക്കെതിരെ ഓഡിറ്റോറിയത്തിനകത്ത് പ്രതിഷേധമുയർന്നതോടെ പൊലീസ് സമരക്കാരെ തള്ളിമാറ്റി. മറ്റ് ഭാഗങ്ങളിലുള്ളവരാണ് ജനസഭക്ക് എത്തിയതെന്ന് സമരക്കാർ ആരോപിച്ചു. സിവില്‍ സപ്ലൈസ് പാക്കിങ് തൊഴിലാളികളെവരെ സഭയിൽ പങ്കെടുപ്പിച്ചെന്ന് സമര സമിതി കണ്‍വീനര്‍ ഇര്ഫാന് ഹബീബ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.