കോഴിക്കോട്: കോവിഡ് കവർന്ന രണ്ട് സീസണുകൾമൂലം പട്ടിണിയിലായ ജീവിതം കൂട്ടിത്തുന്നാനുള്ള നെട്ടോട്ടത്തിലാണ് തയ്യൽ തൊഴിലാളികൾ. തയ്യല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചിരുന്ന സ്കൂള്‍, ക്രിസ്മസ്, ഓണം, പെരുന്നാള്‍ ഉള്‍പ്പെടെ എല്ലാ സീസണുകളിലും കോവിഡ് ആദ്യഘട്ടം മുതല്‍ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ആദ്യ ഘട്ടത്തിനുശേഷം സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങുകയും വരുമാനം ലഭിക്കുന്ന പെരുന്നാൾ സീസൺ വരുകയും ചെയ്തപ്പോഴേക്കും രണ്ടാം ലോക്ഡൗൺ വന്നു. ആദ്യ കോവിഡ് കാലത്തിനുശേഷം ലഭിക്കുന്ന വരുമാനം എന്ന പ്രതീക്ഷയിൽ ആളുകളിൽനിന്ന് വാങ്ങിയ തുണികള്‍പോലും തുന്നി തിരികെനൽകി ഉപജീവനമാര്‍ഗം കണ്ടെത്താന്‍ തയ്യല്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. പെരുന്നാളിന് വേണ്ടി തുന്നി വെച്ച തുണികൾപോലും തിരികെ കൊടുക്കാനാകാതെ തയ്യൽക്കടകളിൽ പൊടിപിടിച്ച് നശിക്കുകയാണ്. തുന്നി െവച്ച വസ്ത്രങ്ങള്‍ തിരികെനൽകി വരുമാനമാര്‍ഗം കണ്ടെത്താന്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും തയ്യൽ കടകള്‍ തുറക്കാനുള്ള അനുമതി നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
എല്ലാ മേഖലകള്‍ക്കും ഇളവുകള്‍ നല്കിയ സര്‍ക്കാര്‍ തയ്യല്‍ തൊഴിലാളികളെ വിസ്മരിച്ചുവെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. വന്‍കിട വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയപ്പോഴാണ് ഒന്നോ രണ്ടോ പേര് തൊഴിലെടുക്കുന്ന തയ്യല്‍ സ്ഥാപനങ്ങളെ അവഗണിച്ചത്. സംസ്ഥാനത്താകെ അഞ്ചരലക്ഷത്തോളം തയ്യൽതൊഴിലാളികളാണ് ഉള്ളത്. റെഡിമെയ്ഡ് വസ്ത്രങ്ങൾ വിപണി കീഴടക്കിയതോടെ ഭൂരിഭാഗം തയ്യൽക്കാർക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയാണ്. നിലവിൽ നേരത്തെയുള്ളതിെൻറ 30 ശതമാനം പേർ മാത്രമേ വസ്ത്രങ്ങൾ തയ്പ്പിച്ച് ഉപയോഗിക്കുന്നുള്ളു. കൂടുതൽ പേരും റെഡിമെയ്ഡ് വസ്ത്രങ്ങൾ ചെറുതാക്കുന്നതിനായാണ് തയ്യൽക്കാരെ ആശ്രയിക്കുന്നത്.
ഇങ്ങനെ ജീവിതം പ്രാരാബ്ധത്തിലായ തയ്യൽക്കാർക്കാണ് കോവിഡ് കൂടുതൽ പ്രഹരം ഏൽപിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ ജീവനക്കാർ മാത്രമുള്ള ചെറുകിട തയ്യൽക്കടകളാണ് ഭൂരിഭാഗവും. വളരെ കുറച്ചുപേർ മാത്രം ആശ്രയിക്കുന്ന ഈ കടകൾ ആദ്യഘട്ട കോവിഡ് കാലത്ത് പൂർണമായും അടഞ്ഞുകിടക്കുകയായിരുന്നു. ആദ്യ കോവിഡ് കാലത്തിനുശേഷം പ്രവർത്തനം തുടങ്ങിയപ്പോഴേക്കും രണ്ടാം കോവിഡ് മൂലം അടച്ചുപൂട്ടേണ്ടിവന്നത് തൊഴിലാളികളെ പട്ടിണിയിലാക്കിയിരിക്കുകയാണെന്നും തയ്യൽക്കാർ പറയുന്നു.
ജൂണ്‍ 11ന് കൂടുതല്‍ ഇളവുകള്‍ നല്‍കിയത് പ്രകാരം സ്ഥാപനങ്ങള്‍ എല്ലാം തുറക്കാനുള്ള അനുമതി നല്കിയപ്പോഴും തയ്യല്‍ക്കടകൾക്ക് തുറക്കാൻ അനുമതിയില്ലാത്തത് ദുഃഖകരമാണെന്നും ടെയ്ലർമാർ പറയുന്നു.
കോവിഡ് തയ്യൽമേഖലയെ ആകെ തകർത്തിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പെരുന്നാൾ സ്കൂൾ ഉൾപ്പെടെ രണ്ട് വർഷത്തെ മുഴുവൻ സീസണുകളും വിവാഹങ്ങളും കോവിഡ്മൂലം ഇല്ലാതായി. ഇത് തൊഴിലാളികളെ പട്ടിണിയിലാക്കിയിരിക്കുന്നു. തനത് ഫണ്ട് ഇല്ലാത്ത തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് സര്‍ക്കാര്‍ ധനസഹായം നൽകി കഴിഞ്ഞ കോവിഡ് കാലത്ത് തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ധനസഹായം വിതരണം ചെയ്തിരുന്നു. കഴിഞ്ഞ കാലഘട്ടത്തിനേക്കാളും വളരെ ശക്തമായി തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുന്ന ഈ കാലയളവില്‍ സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നാണ് എ.കെ.ടി.എ ആവശ്യപ്പെടുന്നതെന്ന് എ.കെ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു പറഞ്ഞു.
ഏറ്റവും കൂടുതൽ ജോലിലഭിക്കുന്ന സീസണുകളെല്ലാം രണ്ടു വർഷമായി നഷ്ടപ്പെട്ടു. പണിയില്ലാതെ ഇരിക്കുമ്പോഴും കടയുടെ വാടക, വൈദ്യുതി ചാർജ് എന്നിവ അടക്കേണ്ടിവരുന്നു. വിവാഹ ആവശ്യങ്ങൾക്ക് വസ്ത്രങ്ങൾ വാങ്ങാൻ അനുമതിനൽകിയപ്പോഴും തയ്ച്ചുനൽകാൻ അനുമതിയില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കട തുറക്കാൻ അനുമതിനൽകണമെന്ന് സി.പി. അയ്യപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.