കോഴിക്കോട്: മദ്രാസ് ഐ.ഐ.ടിയുടെ നിർദേശാനുസരണം കോഴിക്കോട് കെ.എസ്.ആർ.ടി.സിയുടെ ബലക്ഷയം പരിഹരിച്ചാൽ പുനഃപ്രവേശനം പാട്ടക്കരാർ സ്ഥാപനമായ അലിഫ് ബിൽഡേഴ്സിന് മാത്രം. കെട്ടിടം ശക്തിപ്പെടുത്തൽ പ്രവൃത്തിക്കായി ബസ്സ്റ്റാൻറ് മാറ്റുന്നതോടൊപ്പം അലിബ് ബിൽഡേഴ്സ്, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ ഒഴിപ്പിക്കും. പ്രവൃത്തി പൂർത്തിയായാൽ അലിഫ് ബിൽഡേഴ്സിനെ മാത്രം പുനഃപ്രവേശനിപ്പിക്കണമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം.
നിലവിൽ അഞ്ചു കിയോസ്കുകൾ കെ.ടി.ഡി.എഫ്.സി നേരിട്ട് വാടകക്ക് നൽകിയിട്ടുണ്ട്. ബലക്ഷയപ്രശ്നത്തിെൻറ മറവിൽ ഇവരെ പുറത്താക്കും. മാത്രമല്ല, കെ.എസ്.ആർ.ടി.സി ബസുകളെ സ്റ്റാൻറിൽ പുനഃപ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് യോഗതീരുമാനത്തിെൻറ മിനുട്സിൽ വ്യക്തതയില്ല. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പുതിയ ബസ്സ്റ്റാൻഡിലേക്കും മറ്റ് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്കും അടിയന്തരമായി പുനഃക്രമീകരിക്കാൻ കലക്ടർക്ക് നിർദേശമുണ്ട്.
ബലക്ഷയപ്രശ്നത്തിെൻറ പേരിൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് എന്നന്നേക്കുമായി ഇവിടെനിന്ന് പുറത്തായേക്കുമെന്ന അഭ്യൂഹങ്ങളും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിെൻറ മിനുട്സ് പുറത്തിറങ്ങിയത്. ബസ്സ്റ്റാൻഡിലെ തൂണുകൾ ബലപ്പെടുത്തലിെൻറ ഭാഗമായി ഇനിയും വണ്ണം കൂട്ടിയാൽ ബസ്ബേയിലേക്ക് ബസുകൾക്ക് തീരെ പ്രവേശിക്കാനാവാത്ത സാഹചര്യം വരും.
നിലവിൽ 40 ബസുകൾക്ക് നിർത്താവുന്ന സൗകര്യമേ ഇവിടെയുള്ളൂ. തൂണുകളുടെ വണ്ണം കൂടിയാൽ ഇത്രയും ബസുകൾക്ക് ഇവിടെ സൗകര്യമുണ്ടാവില്ല.സൗകര്യക്കുറവിെൻറ പേരിൽ ബസ്സ്റ്റാൻറ് എന്നന്നേക്കുമായി ഇവിടെ ഇല്ലാതാവുമെന്നാണ് കെ.എസ്.ആർ.ടി. തൊഴിലാളി സംഘടനകളുടെ ആശങ്ക.
സി.ഐ.ടി.യു പോലും ഈ ആശങ്ക ഉന്നയിക്കുന്നുണ്ട്. ബലപ്പെടുത്തൽ പ്രവൃത്തികൾ പൂർത്തിയായാൽ വാണിജ്യകാര്യങ്ങൾക്കായി എത്രയുംവേഗം പാട്ടക്കരാറുകാരായ അലിഫ് ബിൽഡേഴ്സിന് തുറന്നുകൊടുക്കണമെന്നാണ് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിെൻറ മിനുട്സ് വ്യക്തമാക്കുന്നത്.
മദ്രാസ് ഐ.ഐ.ടിയുടെ റിേപ്പാർട്ട് അനുസരിച്ച് അവർ ശിപാർശ ചെയ്യുന്ന കറാരുകാരെ കൊണ്ടു മാത്രമേ ബലപ്പെടുത്തൽ നിർമാണപ്രവൃത്തി നടത്താവൂ എന്നാണ് തീരുമാനം. ഐ.ഐ.ടിയുടെ നിരീക്ഷണങ്ങൾ വിജിലൻസിനും കൈമാറണം. ഐ.ഐ.ടി കണ്ടെത്തിയിട്ടുള്ള ബേസ്മെൻറ് ഒന്ന്, രണ്ട് നിലകളിലെ തൂണുകളുടെയും സ്ലാബുകളുടെയും ദുർബലാവസ്ഥ പരിഹരിച്ചശേഷമേ കെട്ടിടത്തിെൻറ ടവറുകളിെല പ്രവൃത്തി നടത്തൂ.
അടർന്നു വീഴാൻ തുടങ്ങിയ കെട്ടിടം പൊളിച്ചു തുടങ്ങി
കോഴിക്കോട്: മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് ബലക്ഷയമുണ്ടെന്ന റിപ്പോർട്ട് വിവാദമായിരിക്കെ തൊട്ടടുത്ത് മറ്റൊരു കൂറ്റൻ കെട്ടിടത്തിെൻറ പൊളി തുടങ്ങി. പണി കഴിഞ്ഞ് ഏതാനും കൊല്ലത്തിനകം പൊളിഞ്ഞുവീഴാൻ തുടങ്ങിയ പുതിയറയിലെ അഞ്ചുനില സഹകരണ ഭവൻ കെട്ടിടമാണ് പൊളിക്കാൻ തുടങ്ങിയത്. കെട്ടിടം ഉടൻ പൊളിച്ച് മാറ്റണമെന്ന് കഴിഞ്ഞ കൊല്ലം കലക്ടർ ഉത്തരവിട്ടിരുന്നു. 1994ൽ കോടിയോളം ചെലവിട്ട് പണിത കെട്ടിടം 2010ൽ തന്നെ അടർന്നുവീഴാൻ തുടങ്ങിയതോടെ സഹകരണ ഭവൻ ഓഫിസുകൾ താൽക്കാലിക ഷെഡിൽ പ്രവർത്തിച്ചു വരുകയാണ്.
ജില്ലയിലെ മുഴുവൻ സഹകരണ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന ഓഫിസിന് പണിത കെട്ടിടത്തിനാണ് ദുര്യോഗം. സഹകരണ ഓഡിറ്റ് ജോയൻറ് ഡയറക്ടർ, താലൂക്ക് സഹകരണ സംഘം അസി.രജിസ്ട്രാർ, താലൂക്ക് സഹകരണ സംഘം അസി.ഡയറക്ടർ എന്നീ ഓഫിസുകളാണ് താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്നത്. കെട്ടിടം ഒന്നായി നിലംപൊത്തിയാൽ താൽക്കാലിക ഷെഡിൽ ജോലി നോക്കുന്ന 200 ഓളം ജീവനക്കാരുടെ ജീവൻ തന്നെ അപകടത്തിലാവുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. അപകടാവസ്ഥയിലാണെന്ന പരാതിയിൽ നഗരസഭ എക്സിക്യൂടിവ് എൻജിനീയർ കെട്ടിടം പരിശോധിച്ച് ഏതു നിമിഷവും തകരാവുന്ന സ്ഥിതിയിലാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. കെട്ടിടം 'അൺഫിറ്റാ'യി പരിഗണിച്ച് ഉടൻ പൊളിക്കാൻ നടപടി വേണമെന്നും റിേപ്പാർട്ടിൽ പറഞ്ഞിരുന്നു. കെട്ടിടത്തിെൻറ എല്ലാ നിലയിലെയും സ്ലാബ് തകർന്നതായി പൊളിച്ചുമാറ്റാൻ നിർദേശിച്ചുള്ള കലക്ടറുടെ ഉത്തരവിൽ പറയുന്നു. ജില്ല ദുരന്ത നിവാരണ കമ്മിറ്റി ചെയർമാൻ കൂടിയായ കലക്ടർ 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരം പുറപ്പെടുവിച്ച ഉത്തരവിെൻറ ഭാഗമായാണ് പൊളി. സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ കെട്ടിടം പൊളിച്ചുമാറ്റി കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർക്ക് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.