കോഴിക്കോട്: ജില്ലയിലെ മലയോരപ്രദേശങ്ങളിലെ കാട്ടുപന്നിശല്യം ഒഴിവാക്കാന്‍ നടപടികൾ ശക്തമാക്കുമെന്ന് ജില്ല വികസനസമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ഡോ. എല്‍. തേജ് ലോഹിത് റെഡ്ഡി. കാട്ടുപന്നിശല്യം രൂക്ഷമായ ഇടങ്ങളിൽ കൂടുതൽപേര്‍ക്ക് തോക്കിന് ലൈസന്‍സ് നല്‍കുന്നകാര്യത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് തീരുമാനമെടുക്കും.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഡി.ഡി.സി യോഗത്തില്‍ വിവിധ എം.എല്‍.എമാര്‍ വിഷയം ഉന്നയിച്ചതിന് മറുപടിയായാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട എടുത്തുവെച്ച കല്ല് പട്ടികജാതി കോളനിയിലെ നവീകരണപ്രവൃത്തി നവംബര്‍ പത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസിന്റെ കാബിന്‍ വര്‍ക്ക്, കെട്ടിട നമ്പര്‍ എന്നിവ തയാറാവുന്നതോടെ ഉദ്ഘാടനം നടത്താന്‍ സാധിക്കുമെന്ന് സബ് രജിസ്ട്രാര്‍ പറഞ്ഞു. അമ്പലക്കുന്ന് കോളനി തുടര്‍പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡി.പി.ആര്‍ ഉടൻ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നിര്‍വഹണ ഏജന്‍സിയായ യു.എൽ.സി.സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ല പട്ടികവര്‍ഗ വികസന ഓഫിസര്‍ അറിയിച്ചു.
കുറ്റ്യാടി -നാദാപുരം സംസ്ഥാനപാതയിലെ കുറ്റ്യാടി കക്കട്ടില്‍ ടൗണില്‍ തകര്‍ന്ന ഭാഗങ്ങളില്‍ ഇന്റര്‍ലോക്ക് ഇടുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും അനുമതി ലഭിച്ച ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ സാന്നിധ്യത്തില്‍ യോഗംചേരും. ബീച്ച് ഹോസ്പിറ്റല്‍ മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തി പുരോഗതി സംബന്ധിച്ച് സാങ്കേതികാനുമതി ലഭിക്കാൻ ഡിസൈന്‍ റിവ്യൂ, ഇ.എസ്.ജി റിവ്യൂ എന്നിവ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
എം.എല്‍.എമാരായ പി.ടി.എ. റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി, ലിന്റോ ജോസഫ്, കെ.എം. സച്ചിന്‍ദേവ്, ഡി.ഡി.സി എം.എസ്. മാധവിക്കുട്ടി, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ജില്ല പ്ലാനിങ് ഓഫിസര്‍ ടി.ആര്‍. മായ, ജനപ്രതിനിധികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.