ഓമശ്ശേരി: ജൽ ജീവൻ മിഷനുവേണ്ടി വെട്ടിപ്പൊളിച്ച് കാൽനട പോലും ദുസ്സഹമായ ഗ്രാമീണ റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാട്ടർ അതോറിറ്റിയുടെ ജില്ല ഓഫിസിനു മുന്നിൽ നടത്തിയ കിടപ്പു സമരം ഫലം കണ്ടു.രാവിലെ 10 ന് ജില്ല എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തിനു മുന്നിലെത്തിയ ജനപ്രതിനിധികൾ മുദ്രാവാക്യം വിളികളുമായി നിലത്തുകിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രശ്നത്തിന് പരിഹാരമാവാതെ തിരിച്ചു പോകില്ലെന്ന് കട്ടായം പറഞ്ഞതോടെ നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം റോഡ് നന്നാക്കാൻ അധികൃതർ ഉറപ്പു നൽകി.
പഞ്ചായത്തിന്റെ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി പ്രവൃത്തി നടക്കേണ്ട സ്പിൽ ഓവർ വർക്കുകളും പുതിയ വർക്കുകളുമടങ്ങുന്ന 57 ഗ്രാമീണ റോഡുകൾ ജനുവരി 20 നകവും മറ്റുള്ള മുഴുവൻ റോഡുകളും ഫെബ്രുവരി 20 നകവും പുനർനിർമിക്കുമെന്ന് ചെയ്യുമെന്ന് ജില്ല എക്സിക്യൂട്ടിവ് എൻജിനീയർ എൻ.ഐ. കുര്യാക്കോസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എഴുതി നൽകി. വൈകീട്ട് നാലിനാണ് സമരം അവസാനിപ്പിച്ചത്.
രണ്ട് വർഷം മുമ്പ് കുഴിയെടുത്ത് മൂടിയ ഗ്രാമീണ റോഡുകളാകമാനം റീസ്റ്റോർ ചെയ്യാത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കിടക്കുകയാണ്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പുനരുദ്ധാരണത്തിന് ഫണ്ട് വകയിരുത്തിയ റോഡുകൾ പോലും പ്രവൃത്തി നടത്താൻ കഴിയാത്ത സങ്കീർണ സാഹചര്യം നിലനിൽക്കുന്ന ഘട്ടത്തിലാണ് ജനപ്രതിനിധികൾ കിടപ്പ് സമരവുമായി ജില്ല ഓഫിസിലെത്തിയത്. ഈ വിഷയമുന്നയിച്ച് പലവുരു ഭരണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.
സമരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ നാസർ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്വിമ അബു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ പി. അബ്ദുൽ നാസർ, എം.എം. രാധാമണി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, കെ. ആനന്ദകൃഷ്ണൻ, എം. ഷീജ ബാബു, സി.എ. ആയിഷ, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.