കോഴിക്കോട്: ജില്ലയിൽ വേനൽച്ചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ വരൾച്ചയുടെ കാഠിന്യത്താലുണ്ടായേക്കാവുന്ന ദുരിതങ്ങൾ കുറക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ജില്ല ഭരണകൂടം. കുടിവെള്ളവിതരണ ശൃംഖലയിലെ എല്ലാ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി തടസ്സങ്ങളില്ലാതെ ജലവിഭവ വകുപ്പ് ജലവിതരണം ഉറപ്പാക്കണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പരാതിപരിഹാര സെൽ ആരംഭിക്കുകയും കൃത്യമായ നിരീക്ഷണവും വേണം. പമ്പിങ് സ്റ്റേഷനുകളിലും കുടിവെള്ളവിതരണ കേന്ദ്രങ്ങളിലും വൈദ്യുതി മുടങ്ങാൻ ഇടയാകരുതെന്ന് കെ.എസ്.ഇ.ബിയോട് നിർദേശിച്ചു.
ജലലഭ്യത അനുസരിച്ച് കൃത്യമായി കനാൽ വഴി ജലവിതരണം കാര്യക്ഷമമാക്കാനും പമ്പിങ് സ്റ്റേഷനുകളിൽ ആവശ്യത്തിനുള്ള ജലവിതാനം ഉറപ്പാക്കാനും ജല അതോറിറ്റി ശ്രദ്ധിക്കണം. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ വാട്ടർ കിയോസ്ക് വഴിയും ടാങ്കർ വഴിയും തദ്ദേശ സ്ഥാപനങ്ങൾ കുടിവെള്ളം വിതരണം ചെയ്യണം. പൊതുസ്രോതസ്സുകൾ മലിനീകരണ മുക്തമാക്കുന്ന നടപടികൾ സ്വീകരിക്കണം. കുടിവെള്ളത്തിന്റെ ദുരുപയോഗം തടയാൻ ജനങ്ങളിൽ ബോധവത്കരണം നടത്തണം. പൊതുജനങ്ങൾക്ക് കുടിവെള്ളം, സംഭാരം എന്നിവ നൽകാനായി തിരക്കുള്ള തെരുവുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകൾ ഒരുക്കാനും തദ്ദേശ വകുപ്പിനോട് നിർദേശിച്ചു.
വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഫാമുകളിൽ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുകയും വായുസഞ്ചാരമുള്ള ഷെൽട്ടർ ഉറപ്പുവരുത്തുകയും വേണമെന്ന് മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി. ചൂട് വർധിക്കുമ്പോൾ വാഹനങ്ങളിൽ കുത്തിനിറച്ചുകൊണ്ടുപോകുന്നത് തടയണം. കാട്ടുതീയുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി വനംവകുപ്പ് മുൻകരുതലുകൾ സ്വീകരിക്കണം. കാട്ടുമൃഗങ്ങൾ കുടിവെള്ളത്തിനായി നാട്ടിലേക്കിറങ്ങുന്നത് തടയാൻ വനത്തിനുള്ളിലെ തടാകങ്ങളിൽ വെള്ളം നിറക്കുകയും കൃത്രിമ തടാകങ്ങൾ നിർമിക്കുകയും വേണം. അഗ്നിരക്ഷാസേന കരിമരുന്ന്, പടക്കനിർമാണ ശാലകളിൽ പരിശോധന നടത്തണം. പ്രധാന ഓഫിസുകളിലും ആശുപത്രികളിലും കെട്ടിടസമുച്ചയങ്ങളിലും ഫയർ ഓഡിറ്റിങ്ങിന് സൗകര്യമൊരുക്കണം. മാലിന്യസംഭരണ കേന്ദ്രങ്ങളിൽ നിരന്തര പരിശോധന നടത്തുകയും മാലിന്യത്തിനും ഉണങ്ങിയ പുല്ലിനും തീയിടുന്നതിനെതിരെ ബോധവത്കരണം നടത്തുകയും വേണം.
എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ജീവൻരക്ഷാ മരുന്നുകളും അവശ്യമരുന്നുകളും ഒ.ആർ.എസും വേണ്ടത്ര ഉണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കണം. ജലജന്യരോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. സൂര്യാഘാതം, പൊള്ളൽ എന്നിവക്കുള്ള ചികിത്സാസൗകര്യങ്ങൾ ഉറപ്പുവരുത്താനും പകർച്ചവ്യാധി രോഗങ്ങൾ കണ്ടെത്തിയാൽ ആശാവർക്കർമാർ റിപ്പോർട്ട് ചെയ്യുകയും വേണം. തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് കടുത്ത ചൂടുള്ളസമയങ്ങൾ ഒഴിവാക്കുന്നരീതിയിൽ ജോലിസമയം ക്രമീകരിക്കാൻ ലേബർ ഓഫിസർ നടപടി സ്വീകരിക്കണം. ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തി ആരോഗ്യകരമായ സാഹചര്യങ്ങളുണ്ടെന്ന് ഉറപ്പാക്കുകയും വേണം. തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങൾ, ഉത്സവസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്താനും അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും പൊലീസിനെ ചുമതലപ്പെടുത്തി. ട്രാഫിക് ഡ്യൂട്ടിപോലെ തുറസ്സായസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യവും സംരക്ഷണവും നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.