കോഴിക്കോട്: വിവിധ ജില്ലകളിലെ വനമേഖലകളിലും മലയോരങ്ങളിലും വേനൽ മഴ ലഭിച്ചെങ്കിലും പേരിനുമാത്രമാണ് കോഴിക്കോട്ടെ ജനവാസ മേഖലയിൽ വേനൽമഴ ലഭിച്ചത്. അതികഠിനമായ ചൂട് നിലനിൽക്കുന്നതിനാൽ ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. വെയിലിന്റെ അസാധാരണമായ പൊള്ളലാണ് ജനത്തെ പ്രയാസത്തിലാക്കുന്നത്. രാവിലെ എട്ടോടെ തന്നെ സഹിക്കാനാവാത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. പുറം ജോലികൾ ചെയ്യുന്നവർക്കും കാൽനടക്കാർക്കും ഒരു രക്ഷയുമില്ലാത്ത അവസ്ഥ. വയനാടൻ അതിർത്തിയോട് ചേർന്ന വനമേഖലകളിൽ മാത്രമാണ് മഴപെയ്തത്. ജനവാസമേഖലയിൽ തീരെ വേനൽമഴ ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം വേനൽമഴ സുലഭമായിരുന്നു. ഇത്തവണ മഴ ലഭിക്കാത്തതിനാൽ വേനൽ ചൂട് അസഹ്യമാകുന്നു. 34 ഡിഗ്രി സെൽഷ്യസാണ് ഞായറാഴ്ചത്തെ ചൂട്. ഇത് ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിൽ വടക്കൻ ജില്ലകളിൽ 42 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടിരുന്നു. പക്ഷേ ഇത്ര പൊള്ളൽ ഉണ്ടായിരുന്നില്ല.
കേരളത്തിൽ പല ജില്ലകളിലും അൾട്രവയലറ്റ് സൂചിക( യു.വി. ഇൻഡക്സ്) 11ന് മുകളിൽ എത്തിയതായാണ് കണക്ക്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ മനുഷ്യർക്ക് ഹാനികരമായ രീതിയിൽ വർധിക്കുന്ന അവസ്ഥയാണിത്. യു.വി ഇൻഡക്സ് 11 നു മുകളിലുള്ളിടങ്ങളിൽ വെയിൽ നേരിട്ട് കൊള്ളുന്നത് സൂര്യാഘാത സാധ്യതക്ക് കാരണമാകുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ സ്ഥാപനമായ മെറ്റ് ബീറ്റ് വെതർ സീനിയർ ഫോർകാസ്റ്റ് കൺസൽട്ടന്റ് അഭിലാഷ് ജോസഫ് പറഞ്ഞു. രണ്ടാഴ്ചയോളം ഈ ചൂട് തുടരുമെന്നാണ് പ്രവചനം. രോഗികൾക്കും പ്രായമായവർക്കും ഗർഭിണികൾക്കും ഈ കാലാവസ്ഥ താങ്ങാനാവില്ല. വെയിലത്തിറങ്ങുമ്പോൾ നിർബന്ധമായും കുട ഉപയോഗിക്കുക, നിർജലീകരണ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുക തുടങ്ങിയവയാണ് പൊതുവായ നിർദേശം. ദാഹം ഇല്ലെങ്കിലും ഇടക്ക് വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നിശ്ചിത അളവിൽ ജലം ലഭ്യമല്ലാതായാൽ ശരീരം ക്ഷീണിക്കുകയും ശാരീരിക മാനസിക സമ്മർദങ്ങൾക്ക് കാരണമാവുകയും ചെയ്യും. 15 മുതൽ 25 ശതമാനം വരെയുള്ള ജലനഷ്ടം മരണത്തിന് പോലും കാരണമായേക്കാം എന്നാണ് മുന്നറിയിപ്പ്.
ഈ കഠിന കാലാവസ്ഥയിലും പുറംജോലിക്കാർ ഒരു മുൻകരുതലുമില്ലാതെ വെയിൽ കൊണ്ട് ജോലി ചെയ്യുന്ന അവസ്ഥയുണ്ട്. നിർമാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ വെയിലിന്റെ കാഠിന്യം വകവെക്കാതെയാണ് പ്രവർത്തിക്കുന്നത്. രാവിലെ 11.30 മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിൽ നേരിട്ടുള്ള വെയിൽ കൊള്ളാതെ നോക്കണമെന്നാണ് വിദഗ്ധർ പറയുന്നതെങ്കിലും ഇത്തരം ജോലിക്കാർക്ക് രക്ഷയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.