കൈക്ക് പകരം നാവ്; കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പിഴവ്

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ വിവാദം കെട്ടടങ്ങും മുമ്പെ കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര ചികിൽസ പിഴവ്. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാലു വയസ്സുകാരിക്ക് ഇടതു കൈവിരലിലെ ആറാം വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തി.

ചെറുവണ്ണൂർ മധുര ബസാർ സ്വദേശികളുടെ കുട്ടിക്കാണ് ഡോക്ടർ അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. സംഭവം വിവാദമായതോടെ ശസ്ത്രക്രിയ നടത്തിയ അസോസിയറ്റ് പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിശദ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി.

സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയിരുന്നു. ഡോക്ടറുടെ ഭാഗത്തുനിന്ന് അബദ്ധം സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഈ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. കുറ്റക്കാരനായ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിനും പൊലീസിനും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വ്യാഴാഴ്ച രാവിലെയാണ് പെൺകുട്ടിയെ പീഡിയാട്രിക് മൈനർ തിയറ്ററിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് വായിൽ പഞ്ഞി വെച്ചായിരുന്നു കുട്ടി തിയറ്ററിൽ നിന്ന് മടങ്ങിയെത്തിയത്. ഇതുകണ്ട് മാതാവ് അന്വേഷിച്ചപ്പോഴാണ് നാവിന് ശസ്ത്രക്രിയ നടത്തിയ കാര്യം നഴ്സ് പറഞ്ഞത്. കൈയിൽ ശസ്ത്രക്രിയ നടത്തിയിരുന്നുമില്ല. ഇടതുകൈയിലെ ആറാം വിരൽ മുറിച്ചുമാറ്റാനാണ് കുട്ടി എത്തിയതെന്ന് മാതാവ് അറിയിച്ചപ്പോഴാണ് ഡോക്ടർക്ക് അബദ്ധം പറ്റിയതായി തിരിച്ചറിഞ്ഞത്.

എന്നാൽ, സംഭവത്തിൽ വിചിത്ര വിശദീകരണമാണ് ആശുപത്രി അധികൃതർ നൽകുന്നത്. കുഞ്ഞിന് നാവിൽ തടസ്സമുണ്ടായിരുന്നുവെന്നും അത് മാതാപിതാക്കളുടെ സമ്മതം വാങ്ങാതെ ശരിയാക്കിയതാണ് എന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ പ്രീത് മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, കുട്ടിക്ക് സംസാരത്തിന് പ്രശ്നമുണ്ടായിരുന്നില്ലെന്നും അത്തരത്തിലൊരു പരാതി ഡോക്ടറോട് പറഞ്ഞിട്ടില്ലെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. പിന്നീട് ഡോക്ടർ പിഴവ് സമ്മതിച്ചതായും ക്ഷമാപണം നടത്തിയതായും മാതാവ് വ്യക്തമാക്കി. നേരത്തെ ഒ.പിയിൽ കാണിച്ച് മറ്റ് പരിശോധനകൾ പൂർത്തിയാക്കി തിയറ്ററിൽനിന്ന് തീയതി അനുവദിച്ചതിനെത്തുടർന്നാണ് കുട്ടി വ്യാഴാഴ്ച ശസ്ത്രക്രിയക്ക് എത്തിയത്.

കുട്ടിയുടെ നാവിൽ ചെറിയ കെട്ട് ഉണ്ടായിരുന്നുവെന്നും ബന്ധുക്കളുടെ സമ്മതം കൂടാതെ ശസ്തക്രിയ നടത്തിയെന്നുമാണ് ശസ്ത്രക്രിയ നടത്തിയ അഡീഷനൽ പ്രഫ. ബിജോൺ ജോൺസണും വിശദീകരിച്ചത്. അതേസമയം, സമാന പേരുള്ള മറ്റൊരു കുട്ടി നാവിന് ശസ്ത്രിക്രിയക്ക് എത്തിയിരുന്നുവെന്നും ഡോക്ടർക്ക് കുട്ടിയെ മാറിപ്പോയതാണെന്നും ആശുപത്രി അധികൃതർ തങ്ങളോട് പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ അതിന്‍റെ ഉത്തരവാദിത്തം ഡോക്ടർക്കായിരിക്കുമെന്ന് അദ്ദേഹത്തിൽനിന്ന് എഴുതി വാങ്ങിയിട്ടുണ്ടെന്നും പിതാവ് വ്യക്തമാക്കി. പിന്നീട് കുട്ടിയുടെ ഇടത് കൈവിരലിന് ശസ്ത്രക്രിയ നടത്തി. വൈകീട്ട് ഡിസ്ചാർജ്ചെയ്ത് വീട്ടിലേക്ക് മടങ്ങി.

Tags:    
News Summary - Surgical error in Kozhikode Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.