കഴിഞ്ഞ ദിവസം ടാഗോർ ഹാളിൽ നടന്ന കോവിഡ്​ കുത്തിവെപ്പു ക്യാമ്പിൽ നിന്ന്

കേരളത്തിൽ ഏറ്റവുമധികം കോവിഡ് വാക്സിൻ നൽകി ടാഗോർ ഹാൾ ക്യാമ്പ്

കോഴിക്കോട്: കോർപറേഷൻ ആരോഗ്യ വിഭാഗത്തിന് കീഴിൽ നടന്നുവരുന്ന കോവിഡ് വാക്സിനേഷൻ സെൻററായ ടാഗോർ ഹാളിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടു. 167 ദിവസങ്ങളിലായി നടന്ന 308 സെഷനുകളിലൂടെയാണ് 2,00,313 ഡോസ് വാക്സിൻ വിതരണം ചെയ്തത്.

കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ നൽകിയ കേന്ദ്രം ടാഗോർ ഹാൾ ആണ്. സംസ്ഥാനത്ത് ഒറ്റ ദിവസം ഏറ്റവും കൂടുതൽ വാക്സിൻ വിതരണം ചെയ്തതും ടാഗോർ ഹാളിൽ ആണ്. 2021 നവംബർ 23ന് നടന്ന ക്യാമ്പിൽ വിതരണം ചെയ്ത 3069 എണ്ണം ആണ് പ്രതിദിന റെക്കോഡ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്സിൻ വിതരണം ചെയ്ത ആദ്യ 10 കേന്ദ്രങ്ങളിൽ നാലെണ്ണവും കോഴിക്കോട്ടാണ്. ഇതിൽ കോഴിക്കോട് മെഡിക്കൽ കോളജും പെടുന്നു.

2021 മാർച്ച് 25 നാണ് വാക്സിനേഷൻ ക്യാമ്പ് ടാഗോർ ഹാൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്നത്. തുടക്കത്തിൽ ആഴ്ചയിൽ അഞ്ചു ദിവസം വീതവും ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിലുമാണ് വാക്സിനേഷൻ നടന്നുവരുന്നത് കോഴിക്കോട് കോർപറേഷൻ നേരിട്ട്നടത്തുന്ന കേന്ദ്രമാണ് ടാഗോർ ഹാൾ വാക്സിനേഷൻ കേന്ദ്രം. കോർപറേഷൻ ആരോഗ്യ വിഭാഗത്തിന് കീഴിലെ 16 വാർഡുകളിൽനിന്നുള്ള ജെ.പി.എച്ച്.എൻമാർ, കോറോണസെൽ ജെ.എച്ച്.ഐമാർ, ആശ വർക്കർമാർ, ഡോക്ടർ എന്നിവരടങ്ങിയ ടീമാണ് വാക്സിനേഷൻ പ്രവർത്തനം നടത്തുന്നത്.

സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചത്. മറ്റു തദ്ദേശ സ്ഥാപനങ്ങൾ ഏതാനും ദിവസങ്ങൾ മാത്രമായി കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തിയപ്പോൾ കോഴിക്കോട് കോർപറേഷൻ ഒരു വർഷമായി വിപുലമായ സൗകര്യങ്ങളോടെ ടാഗോർ ഹാളിൽ വാക്സിനേഷൻ തുടർന്നുവരുന്നുണ്ട്. ജില്ലയിലേയും അയൽ ജില്ലകളിലേയും പ്രവാസികളടക്കമുള്ള നിരവധിയാളുകൾക്ക് ടാഗോർ ഹാൾ വാക്സിനേഷൻ കേന്ദ്രം പ്രയോജനപ്പെട്ടു. ആദ്യ ഏഴ് മാസം പ്രതിദിനം ശരാശരി 1500 പേരും തുടർന്ന് ശരാശരി 400-500 പേരും ക്യാമ്പിൽനിന്ന് വാക്സിനേഷൻ സ്വീകരിച്ചു.

Tags:    
News Summary - Tagore Hall Camp gives the highest number of covid vaccine in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.