കോഴിക്കോട്: പരമ്പരാഗത ശ്മശാനം നവീകരണത്തിനായി അടച്ചിട്ടതിനൊപ്പം വൈദ്യുതി ശ്മശാനവും വാതകശ്മശാനവും നിലച്ചതോടെ മാവൂർ റോഡ് ശ്മശാനത്തിലെ സംസ്കാരം പൂർണമായി നിലച്ചിട്ട് രണ്ടു മാസം പൂർത്തിയാവുന്നു.
ചേംബറിന് വിള്ളൽ വീണ് ചൂട് പുറത്തേക്ക് പോവുന്നതാണ് മുഖ്യപ്രശ്നം. ചൂട് നിലനിർത്താൻ കഴിയാത്തതിനാൽ മൊത്തം മാറ്റിപ്പണിയേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്. അറ്റകുറ്റപ്പണി സാധ്യമല്ലെന്നാണ് കണ്ടെത്തൽ. കാലപ്പഴക്കം കൊണ്ടാണ് വൈദ്യുതിശ്മശാനം തകരാറിലായത്.
തിരുവനന്തപുരത്തും കോഴിക്കോട്ടും മാത്രമാണ് കേരളത്തിൽ വൈദ്യുതിശ്മശാനമുള്ളത്. ചെന്നൈയിലുള്ള കമ്പനിയെയാണ് അറ്റകുറ്റപ്പണിക്ക് സമീപിക്കാറ്. വാർഷിക അറ്റകുറ്റപ്പണിക്കരാർ ചെന്നൈയിലെ കമ്പനിയെ ഏൽപിക്കുന്നതിന്റെ ഭാഗമായി വിദഗ്ധർ പരിശോധിച്ചപ്പോഴാണ് ചേംബറിലെ വിള്ളൽ മനസ്സിലായത്. വലിയ തുകക്കുള്ള പദ്ധതി തയാറാക്കി പുതുക്കിപ്പണിതാലേ ഇനി വൈദ്യുതി ശ്മശാനം പ്രവർത്തിക്കാനാവൂവെന്നാണ് സ്ഥിതി.
ഇതേ അവസ്ഥതന്നെയാണ് വാതക ശ്മശാനത്തിനുമുള്ളത്. ഗ്യാസിന്റെയും വൈദ്യുതിയുടെയും ശ്മശാനങ്ങളുടെ ചിമ്മിനി ഒന്നുതന്നെയാണ്. കാറ്റ് അടിക്കുന്ന ബ്ലോവർ കേടായിക്കിടക്കുകയാണ്. ബ്ലോവർ നന്നാക്കിയാലേ ഗ്യാസ് ശ്മശാനവും പ്രവർത്തിപ്പിക്കാനാവൂ. മാവൂർ റോഡിലെ പരമ്പരാഗത ശ്മശാനം നവീകരണത്തിനായി അടച്ചിട്ട് നാല് കൊല്ലമായി. വൈദ്യുതിശ്മശാനം കേടായതോടെ കഴിഞ്ഞ ജൂൺ ആറ് മുതലാണ് ഇവിടെ സംസ്കാരം പൂർണമായി നിലച്ചത്.
ഗ്യാസ് ശ്മശാനത്തിൽ സംസ്കാരത്തിനിടെ യുവാവിന് പൊള്ളലേറ്റ സംഭവവും ഉണ്ടായി. ഇപ്പോൾ മൃതദേഹം വെസ്റ്റ്ഹിൽ, പുതിയപാലം ശ്മശാനങ്ങളിലേക്കാണ് മാറ്റുന്നത്.
വെസ്റ്റ്ഹിൽ ശ്മശാനത്തിൽ ഗ്യാസ്, ചകിരി, ഐവർമഠം എന്നീ രീതികളിൽ സംസ്കരിക്കാനുള്ള സംവിധാനമുണ്ട്. 10 മൃതദേഹം വരെ ഇവിടെ എത്തുന്ന ദിവസമുണ്ട്. എട്ട് ജീവനക്കാരും വെസ്റ്റ്ഹില്ലിലുണ്ട്. ഇതുകൊണ്ടാണ് വലിയ പരാതി ഉയരാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.