കോഴിക്കോട്: നഗരത്തിന്‍റെ ഏറക്കാലത്തെ ആവശ്യമായ കരിക്കാംകുളം-സിവിൽ സ്റ്റേഷൻ-കോട്ടൂളി റോഡ് നിർമാണം ഇപ്പോഴും പ്രാരംഭഘട്ടത്തിൽ. നഗരപാത വികസന പദ്ധതിയിൽ കേരള റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത പദ്ധതിയിൽ സ്ഥലമേറ്റെടുപ്പാണ് ഇനിയും പൂർത്തിയാവാത്തത്. കരിക്കാംകുളത്തുനിന്ന് സിവിൽ സ്റ്റേഷനടുത്ത് എത്തിയശേഷം കോട്ടൂളിയിലേക്ക് പോവുന്ന വിധമാണ് റോഡ് വിഭാവനം ചെയ്തത്. നേരത്തേ സിവിൽ സ്റ്റേഷന് സമീപത്തെ റോഡ് വഴിയായിരുന്നു പാത നിർദേശിച്ചതെങ്കിലും പിന്നീട് മാസ്റ്റർ പ്ലാൻ പ്രകാരം വയനാട് റോഡിൽ കരിക്കാംകുളം റോഡ് ചേരുന്നിടത്തുനിന്ന് കോട്ടൂളിയിലേക്കാക്കി മാറ്റിയതായി കൗൺസിലർ എം.എൻ. പ്രവീൺ പറഞ്ഞു.
മൊത്തം 4.13 കി.മീ. ദൂരമുള്ള റോഡിൽ സ്ഥലമേറ്റെടുപ്പ് ഏറക്കുറെ കഴിഞ്ഞതാണ്. സിവിൽ സ്റ്റേഷൻ ഭാഗത്ത് 200 മീ. സ്ഥലം മാത്രമേ ഏറ്റെടുക്കാനുള്ളൂ. ഇതിൽ നിലവിൽ വഴിയില്ലാത്ത സ്ഥലവുംപെടുന്നു. സിവിൽ സ്റ്റേഷനിൽനിന്ന് നേരെ മാവൂർ റോഡിലാണ് പുതിയ പാതയെത്തുക. അവിടെനിന്ന് മാങ്കാവ് ഭാഗത്തേക്കും പെട്ടെന്ന് പോകാമെന്നതിനാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാവും. ബാലുശ്ശേരി റോഡിൽനിന്ന് സിവിൽ സ്റ്റേഷനിലേക്ക് കാരപ്പറമ്പിൽ പോവാതെ പെട്ടെന്ന് എത്താനാവും. കാരപ്പറമ്പ് ജങ്ഷനിൽ ഇപ്പോൾ അനുഭവപ്പെടുന്ന വൻ ഗതാഗതക്കുരുക്കിന് ശമനമുണ്ടാവും.
കാരപ്പറമ്പ് ഹോമിയോ കോളജ് ജങ്ഷനിൽനിന്ന് നേരിട്ട് സിവിൽ സ്റ്റേഷനിലേക്ക് എളുപ്പം വരാനാവും. മലാപ്പറമ്പ് ജങ്ഷനിലെ തിരക്കും കുറക്കാനാവും. മുക്കം ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾക്ക് സി.ഡബ്ല്യു.ആർ.ഡി.എം, പനാത്ത്താഴം റോഡിൽ വേഗം കയറാനുമാവും. മുക്കാൽഭാഗം സ്ഥലം ഏറ്റെടുക്കൽ തീർന്ന റോഡിൽ 200 മീ. വീതം സ്ഥലമെടുപ്പും വീതികൂട്ടലും നടന്നാൽ റോഡ് പണി തുടങ്ങാം. സിറ്റിറോഡ് പദ്ധതിയിൽ അത്യാധുനിക രീതിയിൽ നവീകരിച്ച ആറ് റോഡുകൾ ഇപ്പോൾ നഗരത്തിന് പുതിയ മുഖച്ഛായ തീർത്തുകഴിഞ്ഞു.
നഗരപാത വികസന പദ്ധതിയിൽ 180 കോടി രൂപ ചെലവിൽ മൊത്തം 22.5 കി.മീ. വരുന്ന റോഡുകളാണ് ഇതുവരെ നവീകരിച്ചത്. സ്റ്റേഡിയം ജങ്ഷൻ-പുതിയറ, കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം-കല്ലുത്താൻകടവ്, വെള്ളിമാടുകുന്ന്-കോവൂർ, ഗാന്ധിറോഡ്-മിനി ബൈപാസ്-കുനിയിൽക്കാവ്-മാവൂർ റോഡ് ജങ്ഷൻ, പനത്തുതാഴം-സി.ഡബ്ല്യു.ആർ.ഡി.എം, പുഷ്പ ജങ്ഷൻ-മാങ്കാവ് ജങ്ഷൻ എന്നിവയാണ് നഗരപാത പദ്ധതിയിൽ യാഥാർഥ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.