കോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്വെഷാലിറ്റി ആശുപത്രിയിൽ പ്രവർത്തനം നിലച്ച എം.ആർ.ഐ സ്കാൻ യൂനിറ്റ് പുനഃസ്ഥാപിക്കാൻ വൈകുന്നത് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിൽ തിരക്ക് വർധിക്കാനിടയാക്കുന്നു. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ നടത്തുന്ന എം.ആർ.ഐ പരിശോധനകളെല്ലാം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതോടെ ഇവിടെ നിന്നുതിരിയാൻ ഇടമില്ല. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങളെക്കൂടി ഇത് ബാധിക്കുന്നു. അപകടത്തിലും അത്യാഹിതത്തിലുംപെട്ട് എത്തുന്നവർക്കും എം.ആർ.ഐ പരിശോധന വൈകാനും ഇടയാക്കുന്നു. തിരക്കു കാരണം പ്രാഥമിക കൃത്യങ്ങൾപോലും നിർവഹിക്കാൻ സമയം കിട്ടാത്ത അവസ്ഥയിലാണ് അത്യാഹിത വിഭാഗത്തിലെ എം.ആർ.ഐ സ്കാൻ യൂനിറ്റ് ജീവനക്കാർ.
ആശുപത്രിയിൽ ആകെ ഒരു എം.ആർ.ഐ യൂനിറ്റ് മാത്രമായതോടെ വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് എം.ആർ.ഐ പരിശോധനക്ക് മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. മാത്രമല്ല മാസങ്ങളുടെ കാത്തിരിപ്പിനുശേഷം തീയതി കിട്ടി എം.ആർ.ഐ പരിശോധനക്ക് അതിരാവിലെ എത്തുന്നവർ രാത്രിയോടെയാണ് പരിശോധന കഴിഞ്ഞുമടങ്ങുന്നതെന്നും രോഗികൾ പറയുന്നു. അത്യാവശ്യമായി ചികിത്സ ആവശ്യമുള്ളവർ സ്വകാര്യ ലാബുകളിൽനിന്ന് വൻതുക മുടക്കി എം.ആർ.ഐ എടുക്കുകയാണ് ചെയ്യുന്നത്.
നേരത്തേ തീയതി ലഭിക്കുന്നവർ രാവിലെ മുതൽ എം.ആർ.ഐ യൂനിറ്റിന് മുന്നിലെത്തി വരാന്തയുടെ ഇരു ഭാഗങ്ങളിലുമായി വരിനിൽക്കുന്നതുകാരണം അനുഭവപ്പെടുന്ന തിരക്ക് മറ്റ് യൂനിറ്റുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. മെഡിസിൻ റെഡ് ഏരിയയുടെ തൊട്ടടുത്തായാണ് എം.ആർ.ഐ സ്കാൻ പ്രവർത്തിക്കുന്നത്. മാത്രമല്ല, സി.ടി സ്കാൻ, ഇ.സി.ജി, ഫാർമസി എന്നിവിടങ്ങളിലേക്ക് ഈ തിരക്കിനിടയിലൂടെ പോകണം. തിരക്കിനിടയിലൂടെ വീൽച്ചെയറിയും ട്രോളിയിലും രോഗികളെ കൊണ്ടുപോകുന്നതും വലിയ പ്രതിസന്ധിക്കിടാക്കുന്നുണ്ടെന്ന് കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും പറയുന്നു. നാലു മാസം മുമ്പാണ് സൂപ്പർ സ്പെഷാലിറ്റിയിലെ എം.ആർ.ഐ യൂനിറ്റ് അടച്ചത്. മെഷീനിന്റെ കാലാവധി കഴിഞ്ഞ് പ്രവർത്തന രഹിതമാവുകയായിരുന്നു. 2008ലാണ് സൂപ്പർ സ്പെഷാലിറ്റിയിൽ ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) എം.ആർ.ഐ യൂനിറ്റ് സ്ഥാപിച്ചത്. 16 വർഷം പ്രവർത്തിച്ച മെഷീൻ ഇനി അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിക്കാൻ കഴിയില്ല. അതോടെയാണ് എല്ലാ എം.ആർ.ഐ പരിശോധനകളും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയത്. നേരത്തേ രണ്ടു യൂനിറ്റുകൾ പ്രവർത്തിച്ചിരുന്നപ്പോൾ ദിനംപ്രതി 50 ഓളം പരിശോധനകൾ നടന്നിരുന്നത് ഇപ്പോൾ 30 എണ്ണം മാത്രമേ നടത്താൻ കഴിയുന്നുള്ളൂ. യൂനിറ്റിന് എട്ട് മണിക്കൂർ വിശ്രമം അത്യാവശ്യമായതിനാൽ രാത്രിയിലും പരിശോധന നടത്താൻ കഴിയില്ലെന്നും അധികൃതർ പറയുന്നു.
സൂപ്പർ സ്പെഷാലിറ്റിയിൽ പ്രവർത്തനരഹിതമായ യൂനിറ്റ് അപ്ഗ്രേഡ് ചെയ്യലോ പുതിയത് സ്ഥാപിക്കലോ ആണ് പ്രതിസന്ധിക്ക് പരിഹാരം. പുതിയത് സ്ഥാപിക്കാൻ ഒമ്പത് കോടിയും പഴയത് അപ്ഗ്രേഡ് ചെയ്യാൻ 4.5 കോടിയും വേണം. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന എച്ച്.ഡി.എസിന് കോടികളുടെ ഫണ്ട് കണ്ടെത്തൽ കനത്ത വെല്ലുവിളിയാണെന്ന് അധികൃതർ പറയുന്നു. പണമില്ലെന്ന് പറഞ്ഞ് അധികൃതർ പുതിയ എം.ആർ.ഐ യൂനിറ്റ് സ്ഥാപിക്കുന്ന കാര്യത്തിൽ നിസ്സംഗത പുലർത്തുമ്പോൾ സാധാരണക്കാരായ രോഗികളാണ് പ്രതിസന്ധിയിലാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.