കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉപയോഗിക്കുന്ന ഇ.വി.എം സജ്ജമാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തിയാണ് യന്ത്രങ്ങള്‍ പോളിങ് സ്റ്റേഷനുകളില്‍ എത്തിക്കുന്നത്. കോഴിക്കോട് കോര്പറേഷന് 51 മുതല്‍ 75 വരെ വാര്‍ഡുകളിലെ 146 പോളിങ് സ്റ്റേഷനുകളിലേക്കുള്ള വോട്ടുയന്ത്രങ്ങൾ ബാലറ്റ് ലേബല്‍ ചേര്‍ത്ത് വോട്ടിങ്ങിന് സജ്ജമാക്കുന്ന പ്രവൃത്തി നടക്കാവ് ഗവ. വൊക്കേഷനല്‍ ഗേള്‍സ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു.
നടപടി ക്രമങ്ങള്‍ കലക്ടര്‍ സാംബശിവ റാവു വിലയിരുത്തി. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഇ.വി.എം സജ്ജമാക്കുന്ന പ്രവൃത്തി റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.3,274 വോട്ടുയന്ത്രങ്ങളാണ് ജില്ലയില്‍ സജ്ജമാക്കിയത്. കോര്പറേഷന് പരിധിയില്‍ 398 വോട്ടുയന്ത്രങ്ങൾ, കൊയിലാണ്ടി നഗരസഭ 51, വടകര 54, പയ്യോളി 37, രാമനാട്ടുകര 31, കൊടുവള്ളി 36, മുക്കം 33, ഫറോക്ക് 38 വീതവും വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 160, തൂണേരി 244, കുന്നുമ്മല്‍ 220, തോടന്നൂര്‍ 171, മേലടി 96, പേരാമ്പ്ര 226, ബാലുശ്ശേരി 280, പന്തലായനി 179, ചേളന്നൂര്‍ 224, കൊടുവള്ളി 337, കുന്ദമംഗലം 352, കോഴിക്കോട് 107 വീതവും യന്ത്രങ്ങളാണ് വിതരണം ചെയ്യുക. ജില്ലയില്‍ ആകെ 2,987 പോളിങ് ബൂത്തുകളാണുള്ളത്.
ഏകോപനത്തിനായി 'പോള്‍ മാനേജര്‍'
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍. ഓരോ ഘട്ടവും അതിവേഗത്തില്‍ ജില്ലാതല കണ്ട്രോള് റൂമില്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. പോളിങ് സാമഗ്രികള്‍ സ്വീകരിച്ച നിമിഷം മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് സ്വീകരണ കേന്ദ്രത്തില്‍ എത്തുന്നതുവരെയുള്ള ഓരോ മണിക്കൂര്‍ ഇടവിട്ടുള്ള വിവരങ്ങളും അപ്ഡേറ്റ് ചെയ്യും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ പോള്‍ മാനേജര്‍ പോര്‍ട്ടല്‍ വഴി തെരഞ്ഞെടുപ്പ് പുരോഗതികള്‍ അപ്പപ്പോള്‍ വിലയിരുത്തും.
സെക്ട്രല്‍ ഓഫിസര്‍, പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ്പോളിങ് ഓഫിസര്‍ എന്നിവര്‍ക്കായി പോള്‍ മാനേജര്‍ ആപ്പും റിട്ടേണിങ് ഓഫിസര്‍മാര്‍ക്കായി പോര്‍ട്ടല്‍ സംവിധാനവുമാണ് വിവരങ്ങള്‍ നൽകാൻ സജ്ജീകരിച്ചത്. രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് റിട്ടേണിങ് ഓഫിസര്‍മാര്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും.
മോക് പോളിങ്, ഓരോ മണിക്കൂറും ഇടവിട്ടുള്ള പോളിങ് ശതമാനം, വോട്ട് രേഖപ്പെടുത്തിയവരുടെ വിവരങ്ങള്‍, പ്രത്യേകമായി റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ തുടങ്ങി വോട്ടിങ് അവസാനിക്കുന്നതുവരെയുള്ള വിവരങ്ങളാണ് ആപ്പില്‍ രേഖപ്പെടുത്തുക. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെൻററാണ് പോള്‍ മാനേജര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.