കോഴിക്കോട്: ഗവ.മെഡിക്കൽ കോളജിൽ രക്തം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റിന്റെ സൗജന്യ വിതരണം മുടങ്ങിയതോടെ തലാസീമിയ രോഗികൾ ദുരിതത്തിലായി. 18 വയസ്സിന് മുകളിലുള്ള രോഗികൾക്ക് രക്തം നൽകാൻ ഉപയോഗിക്കുന്ന ഫിൽട്ടർ സെറ്റ് ആഴ്ചകളായി ആശുപത്രിയിൽ സ്റ്റോക്കില്ല. ചികിത്സക്കായി മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന 30 രോഗികളാണ് ഇതോടെ പ്രതിസന്ധിയിലായത്.
രക്തം നൽകുമ്പോൾ ഉണ്ടാവുന്ന അതീവ ഗുരുതര പാർശ്വഫലങ്ങൾ ഒഴിവാക്കാനാണ് ചെലവ് കൂടിയ ഫിൽട്ടർ സെറ്റ് ഉപയോഗിക്കുന്നത്. ഓരോ തവണ രക്തം കയറ്റുമ്പോഴും സെറ്റ് ഉപയോഗിക്കണം. എന്നാൽ, ഒരു പ്രാവശ്യം ഉപയോഗിച്ച സെറ്റ് പിന്നീട് ഉപയോഗിക്കാനും കഴിയില്ല. പുറത്തുള്ള നീതി മെഡിക്കൽ സ്റ്റോറുകളിൽ ഒരു സെറ്റിന് 1200 രൂപയിലധികം വിലവരും. മറ്റ് സ്വകാര്യ ഷോപ്പുകളിൽ ഇതിലും വില കൂടും. മാസത്തിൽ രണ്ടും മൂന്നും തവണ രക്തം കയറ്റാൻ നാലായിരത്തോളം രൂപയാണ് രോഗികൾക്ക് ചെലവ് വരുന്നത്. പാവപ്പെട്ട രോഗികൾക്ക് ഇത് താങ്ങാൻ കഴിയുന്നതല്ല.
നേരത്തേ മെഡിക്കൽ കോളജിലെ രക്തബാങ്കിൽനിന്ന് ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റ് ഉപയോഗിച്ച് ഫിൽട്ടർ ചെയ്ത പ്രിസ്റ്റോർഡ് രക്തമാണ് രോഗികൾക്ക് നൽകിയിരുന്നത്. ദാതാവ് രക്തം നൽകുന്ന സമയത്തു തന്നെ ഫിൽട്ടർ ചെയ്യുന്നതിനാൽ പിന്നീട് രോഗിക്ക് രക്തം കയറ്റുമ്പോൾ ഫിൽട്ടർ സെറ്റിന്റെ ആവശ്യം ഇല്ലായിരുന്നു. എന്നാൽ, ഇതിനുള്ള പ്രത്യേക ബാഗ് തീർന്നതിനാൽ ഒരു വർഷമായി ഈ സംവിധാനവും മുടങ്ങി. ഇതോടെയാണ് രക്തം കയറ്റുന്ന സമയത്ത് ഫിൽട്ടൽ സെറ്റ് ഉപയോഗിക്കാൻ തുടങ്ങിയത്.
ഇത് രണ്ടും മുടങ്ങിയതാണിപ്പോൾ രോഗികളുടെ ജീവന് തന്നെ ഭീഷണിയാവുന്നത്.
ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റ് നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സർക്കാറിനോടാവശ്യപ്പെട്ടു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് രോഗികളെയുമായി പ്രക്ഷോഭത്തിനിറങ്ങുമെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകി.
രക്തത്തിലെ പ്ലാസ്മയും പ്ലേറ്റ് ലെറ്റുകളും വേർതിരിച്ച് റെഡ് സെല്ലുകൾ മാത്രമാണ് തലാസീമിയ രോഗികൾക്ക് കയറ്റേണ്ടത്. രോഗികൾക്ക് വളരെ അപകടകാരിയായ വൈറ്റ് സെല്ലുകളെ തടഞ്ഞു നിർത്തുകയാണ് ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റ് ചെയ്യുന്നത്. ബാഗിൽ നിന്ന് രക്തം ഇറങ്ങുന്ന കുഴലുകളോട് ചേർന്നാണ് ഫിൽട്ടർ സെറ്റുകൾ ഉണ്ടാവുക. വൈറ്റ് സെല്ലുകളെ തടഞ്ഞ് നിർത്തി ശുദ്ധീകരിച്ച ശേഷമാണ് രോഗിയുടെ ശരീരത്തിലേക്ക് രക്തം എത്തുക. ഈ ശുദ്ധീകരണം നടന്നില്ലെങ്കിൽ മാരക പാർശ്വഫലങ്ങളാണ് രോഗിക്കുണ്ടാവുക.
സംസ്ഥാന സർക്കാറിന്റെ ആശാധാരാ പദ്ധതിയുടെ ഭാഗമായി തലാസീമിയ രോഗികൾക്ക് ഫിൽട്ടർ സെറ്റും ജീവൻ രക്ഷ മരുന്നും എല്ലാ ജില്ലകളിലും ലഭ്യമാക്കണമെന്ന് തീരുമാനമുണ്ട്. എന്നാൽ, 18 വയസ്സിന് താഴെയുള്ള രോഗികൾക്ക് മാത്രമെ മെഡിക്കൽ കോളജിൽ ആനുകൂല്യം പൂർണമായി ലഭ്യമാവുന്നുള്ളു. 18 വയസ്സിന് മുകളിലുള്ളവർക്ക് ഫിൽട്ടർ സെറ്റ് മാത്രമെ സൗജന്യമായി കിട്ടുന്നുണ്ടായിരുന്നുള്ളൂ. ഇതും കൂടി മുടങ്ങിയതോടെ പാവപ്പെട്ട രോഗികൾ കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്.
18 വയസ്സിന് മുകളിലുള്ളവരുടെ ഒരു സ്ട്രിപ്പ് ഗുളികക്ക് ഏറ്റവും കുറഞ്ഞത് 1200 രൂപ വേണം. ഒരു സ്ട്രിപ്പിൽ 30 ഗുളികയാണുണ്ടാവുക. ഒരു ദിവസം നാല് ഗുളിക കഴിക്കുകയും വേണം. ഈ സാഹചര്യത്തിൽ ഒരു മാസം 10,000രൂപയോളമാണ് രോഗികൾക്ക് ചെലവ് വരുന്നത്.
ഫിൽട്ടർ സെറ്റിനായി ടെൻഡർ കൊടുത്തിട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളിൽ ഇവ ആശുപത്രിയിലെത്തുമെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ, ഫിൽട്ടർ സെറ്റിന്റെ സ്റ്റോക്ക് തീരുന്നതിന് മുമ്പ് തന്നെ ഈ നടപടികൾ എന്തു കൊണ്ട് സ്വീകരിച്ചില്ലായെന്നാണ് ആക്ഷേപം. ഒരു മുന്നറിയിപ്പുമില്ലാതെ ഇവ മുടങ്ങിയാൽ രോഗികൾ ബുദ്ധിമുട്ടിലാവുമെന്ന് അധികൃതർക്ക് അറിയാഞ്ഞിട്ടല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.