പേരാമ്പ്ര: അമ്മ നഷ്ടമായ തീരാദുഃഖത്തിന് പുറമെ അവർ ഉറങ്ങുന്ന മണ്ണ് തങ്ങളുടെ സ്വന്തമല്ലെന്നതും ഈ മക്കളെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ, ഇന്ന് അവർക്ക് ചെറിയ മനസ്സമാധാനമുണ്ട്. കാരണം ആ മണ്ണ് ഇന്നവർക്കു സ്വന്തമാണ്.
വീട്ടുജോലിക്ക് ഷാർജയിലേക്ക് പോയ നരയംകുളത്തെ കുന്നോത്ത് ജാനകി ഒരു വർഷം കഴിഞ്ഞാണ് 2020 ആഗസ്റ്റ് ഏഴിന് നാട്ടിലേക്ക് തിരിച്ചത്. മക്കൾക്കും പേരമക്കൾക്കും ബന്ധുക്കൾക്കുമെല്ലാം സമ്മാനങ്ങളുമായാണ് അവർ നാട്ടിലേക്ക് യാത്ര തിരിച്ചത്. ഇവർ ഉൾപ്പെടെ യാത്ര ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ടപ്പോൾ ജാനകിയും തൽക്ഷണം മരിച്ചു. അമ്മക്ക് ഭക്ഷണമൊരുക്കി കാത്തിരുന്ന മക്കൾക്ക് മുന്നിലേക്ക് ഇടിത്തീ പോലെയാണ് ആ അപകട വാർത്ത എത്തിയത്. അമ്മയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയ മകൻ ജിനീഷിന് മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ നിന്ന് അമ്മയുടെ മൃതദേഹം തിരിച്ചറിയാനായിരുന്നു യോഗം.
അമ്മക്ക് ഉറങ്ങാൻ ആറടിമണ്ണ് ഒരുക്കാൻ അവരുടെ വീട്ടുവളപ്പിൽ സാധ്യമായിരുന്നില്ല. ആകെ ഉണ്ടായിരുന്ന മുറ്റത്ത് ഉറവയായതിനാൽ ചിതയൊരുക്കാൻ കഴിഞ്ഞില്ല. അയൽവാസിയായ വാളിയിൽ ബാലകൃഷ്ണൻ - ശോഭന ദമ്പതികൾ അവരുടെ സ്ഥലത്ത് ചിതയൊരുക്കാൻ സമ്മതം നൽകി.
പരോപകാരിയായിരുന്ന ജാനകി എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു അതുകൊണ്ടുതന്നെ ഈ അയൽക്കാർ പൂർണ മനസ്സോടെയാണ് അവർക്ക് അന്തിയുറങ്ങാൻ സ്ഥലം നൽകിയത്. അമ്മ ഉറങ്ങുന്ന മണ്ണ് ഉൾപ്പെടെ 10 സെൻറ് സ്ഥലമാണ് മക്കളായ ജിനീഷും ജിനിഷയും വില കൊടുത്തു വാങ്ങിയത്. സ്ഥലം തരണമെന്ന അഭ്യർഥന ബാലകൃഷ്ണനും ശോഭനയും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. തങ്ങൾക്കു വേണ്ടി ജീവിതാവസാനം വരെ കഠിനാധ്വാനം ചെയ്ത അമ്മക്ക് അന്തിയുറങ്ങുന്ന മണ്ണെങ്കിലും സ്വന്തമാക്കാൻ കഴിഞ്ഞത് വേദനകൾക്കിടയിലും ചെറിയ സന്തോഷം നൽകുന്നതായി മക്കൾ പറയുന്നു.
നരയംകുളത്തെ കല്യാണ - മരണ വീടുകളിലുൾപ്പെടെ സഹായഹസ്തവുമായെത്തിയിരുന്ന ജാനകിയുടെ വേർപാട് ആ കുടുംബത്തിെൻറ മാത്രമല്ല നാടിെൻറ തന്നെ വലിയ നഷ്ടമാണ്. മൺമറഞ്ഞ് ഇന്നേക്ക് ഒരു വർഷമായെങ്കിലും നാട്ടുകാരുടെ മനസ്സിൽ ഇന്നും ഒളിമങ്ങാത്ത ശോഭയോടെ ജ്വലിച്ചു നിൽക്കുന്നുണ്ട് കുന്നോത്ത് ജാനകി.
വിമാനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈഫുദ്ധീൻ, ഭാര്യ ഫസലുന്നിസ
പരിക്കുകളിൽനിന്ന് മുക്തമാവാതെ സൈഫുദ്ദീനും കുടുംബവും
കൊടുവള്ളി: നാടിനെ നടുക്കിയ കരിപ്പൂർ വിമാന അപകടത്തിന് ഒരു വർഷം തികയുമ്പോൾ അപകടം വിതച്ച ആഘാതത്തിൽ നിന്നും പരിക്കുകളിൽ നിന്നും മുക്തമാവാതെ കരുവമ്പൊയിൽ പാടിപ്പെറ്റച്ചാലിൽ സൈഫുദ്ദീനും കുടുംബവും.
പൈലറ്റ് ഉൾപ്പെടെ 21 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ യാത്രികരായി ഈ കുടുംബവും ഉണ്ടായിരുന്നു. സൈഫുദ്ദീൻ (43), ഭാര്യ ഫസലുന്നിസ (36), മക്കളായ സന ഫാത്തിമ (13), മുഹമ്മദ് ഷാഹിൻ (11), ഷൻദ ആയിശ(3) എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
ദുബൈയിൽ പരസ്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന സൈഫുദ്ദീനൊപ്പം അവധിക്കാലം ചെലവഴിച്ച് നാട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയായിരുന്നു ദുരന്തം. സൈഫുദ്ദീെൻറയും ഭാര്യയുടെയും ഇരുകാലുകളും പൊട്ടുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തു.
നട്ടെല്ലിനേറ്റ പരിക്ക് ഫസലുന്നിസയെ അരക്ക് താഴെ തളർത്തി. വീൽ ചെയറിൽ പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ. മൂന്ന് മക്കളുടെയും കാലുകൾക്കും ശരീരത്തിലും പരിക്കേറ്റതിനാൽ നടക്കാൻ പറ്റാത്ത സ്ഥിതിയിലുമാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വെല്ലൂരിലുമായി ഏഴ് മാസത്തോളമാണ് ചികിൽസയിൽ കഴിഞ്ഞത്. ചികിത്സ ഇപ്പോഴും തുടരുകയാണ്. ചികിൽസക്കായി വിമാന കമ്പനി നൽകിയ സഹായം മാത്രമാണ് ഇവർക്ക് ലഭിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ വിവിധ സഹായങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഗുരുതരമായ പരിക്കുകളാൽ ഒരു വർഷമായി ചികിത്സയും വിശ്രമവുമായി കഴിയുന്ന ഇവർ പ്രതിസന്ധികളോട് പൊരുതി പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാനുള്ള മനക്കരുത്ത് ആർജിച്ചെടുക്കുകയാണിവരിപ്പോൾ.
ജോലിചെയ്യാനോ പുറത്തിറങ്ങാനോ കഴിയാതെ വീട്ടിൽ ഒതുങ്ങിയതോടെ ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടലുകൾ ഉണ്ടാവണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ഷരീഫക്ക് വേദനകളും അസ്വസ്ഥതകളും മാത്രം ബാക്കി
കൊടിയത്തൂർ: കരിപ്പൂർ വിമാനാപകടത്തിന് ഒരാണ്ട് തികയുമ്പോഴും അപകടത്തിൽ പരിക്കേറ്റ തോട്ടുമുക്കം സ്വദേശി കാക്കീരി ശരീഫ നാസറിന് വേദനകളും അസ്വസ്ഥതകളും മാത്രം ബാക്കി. ശരീര വേദന, ബാലൻസില്ലായ്മ, മാനസികാസ്വാസ്ഥ്യം എന്നിവ കാരണം ഇപ്പോഴും ആശുപത്രികൾ കയറിയിറങ്ങുകയാണ് ശരീഫ. വിമാന യാത്ര ഇൻഷുറൻസ് പ്രകാരം ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം ലഭിക്കേണ്ടതാണ് ഇവർക്ക്. എന്നാൽ, എയർ ഇന്ത്യ, ഏജൻറ് വഴി പത്തും പതിനഞ്ചും ലക്ഷം നൽകി ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് ഭർത്താവ് നാസർ പറയുന്നു.
ഭാര്യ മാനസിക അസ്വസ്ഥതകൾ കാണിക്കുന്നതായും ശരീരം നേരെ നിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാലിലധികം ആശുപത്രികളിൽ വ്യത്യസ്ത രോഗങ്ങൾക്ക് ചികിത്സിക്കുകയാണിപ്പോൾ. വിമാനാപകടത്തിൽ പാസ്പോർട്ടും പണവുമടങ്ങുന്ന സാധനങ്ങൾ നഷ്ടപ്പെട്ട വകയിൽ മാത്രം രണ്ടര ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. അപകടത്തെ തുടർന്ന് കൊണ്ടോട്ടി ആശുപത്രിയിലും ബീച്ച് ആശുപത്രിയിലുമായിരുന്നു ചികിത്സിച്ചത്. അപകടമുണ്ടാക്കിയ ആഘാതം കാരണം ഇപ്പോഴും ആശുപത്രികൾ കയറിയിറങ്ങുകയാണ്.ശരിയായ നഷ്ടപരിഹാരം ലഭിക്കാൻ നിയമത്തിന്റെ വഴിയിലാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.