ചേളന്നൂർ: 'ഞായറാഴ്ച രാത്രി എട്ടു മണിക്കാണ് വീട്ടിൽ എത്തിയത്. ഞങ്ങളുടെ താമസകേന്ദ്രമായ ചെർണിവിസ്റ്റിൽ കുറച്ച് ദിവസം മുമ്പ് വലിയ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. ഞങ്ങൾ അപ്പോൾ തന്നെ പുറപ്പെട്ടതിനാൽ രക്ഷപ്പെട്ടു. പക്ഷേ, ഞങ്ങളുടെ സുഹൃത്തുക്കൾ ഇപ്പഴും ഷെൽട്ടറുകളിൽ നാട്ടിലെത്തിപ്പെടാൻ കഴിയാതെ കിടക്കുകയാണ്'-വീട്ടിലെത്തിയതിെൻറ ആശ്വാസമുണ്ടെങ്കിലും സുഹൃത്തുക്കളുടെ പ്രയാസത്തിൽ വേദനിക്കുകയാണ് യുക്രെയ്നിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥിനി ചേളന്നൂർ കണ്ണങ്കര സ്വദേശിനി എസ്. ശ്രീലക്ഷ്മി.
ബുക്കോവിനി സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ ശ്രീലക്ഷ്മിക്കും സഹപാഠികൾക്കും താമസസ്ഥലമായ ചെർണിവിസ്റ്റിലെ ഹോസ്റ്റലിൽ നിന്ന് റുമാനിയ അതിർത്തിയിൽ എത്തുന്നതുവരെ വലിയ പ്രയാസമില്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞതോടെ വിമാനവും കിട്ടി. എന്നാൽ, സഹപാഠികളിൽ പലരും അഭയകേന്ദ്രങ്ങളിൽ തന്നെയാണ്. ഷെൽട്ടറുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും തണുപ്പകറ്റാൻ ഹീറ്ററുകളും മറ്റും ലഭിക്കുന്നുണ്ടെങ്കിലും നാട്ടിൽ എന്ന് എത്താൻ കഴിയുമെന്ന് ഒരു നിശ്ചയവുമില്ലെന്ന് ക്യാമ്പിൽ കഴിയുന്ന കൊല്ലം സ്വദേശി ജോവിൻ പറഞ്ഞു.
പത്തുമണിക്കൂറിലേറെ യാത്ര ചെയ്താണ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ചെർണിവിസ്റ്റിൽ നിന്നും റുമാനിയൻ അതിർത്തിയിൽ എത്തിച്ചത്. ക്യാമ്പുകളിൽ എത്തുന്നവരുടെ എണ്ണം കൂടി വരുന്നതായും വിദ്യാർഥികൾ പറഞ്ഞു. ഇപ്പോൾ അഞ്ചോ, ആറോ വിമാനങ്ങളാണ് ഇന്ത്യയിലേക്കുള്ളതത്രെ. കണ്ണങ്കര അഞ്ചാം വളവിനു സമീപം വടക്കേ കുന്നോത്ത് സുരേന്ദ്രെൻറയും സുധീഷ്ണയുടെയും മകളാണ് ശ്രീലക്ഷ്മി. കക്കോടി ചെലപ്രം സ്വദേശിനിയായ പുളിയാറക്കൽ ആദിത്യ മഹേഷും സംഘവും ചൊവ്വാഴ്ച വൈകീട്ടോടെ റുമാനിയ അതിർത്തിയിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.