കോഴിക്കോട്: എക്സൈസിന്റെ വൻ ലഹരിവേട്ടയിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കാരന്തൂർ എടേപ്പുറത്ത് സൽമാൻ ഫാരിസ് (22), പെരുമണ്ണ പണിക്കര വലിയപറമ്പിൽ വീട്ടിൽ നിഹാൽ (25), ബേപ്പൂർ വട്ടപറമ്പ് തുമ്മളത്തറ അജയ് കുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽനിന്ന് പിടികൂടിയത്.
ഡ്യൂക്ക് ബൈക്കിലെ ബ്ലൂട്ടൂത്ത് ഹെഡ്സെറ്റ് സ്പീക്കറിൽ ഒളിപ്പിച്ചുകടത്തവെ 55.200 ഗ്രാം എം.ഡി.എം.എയുമായി ശനിയാഴ്ച പാച്ചാക്കിലിൽനിന്ന് വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി വൈശാഖ് (22), മലാപ്പറമ്പ് സ്വദേശി വിഷ്ണു (22) എന്നിവർ പിടിയിലായിരുന്നു. ഇവരിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരും അറസ്റ്റിലായത്.
കാരന്തൂർ പാറക്കടവ് പാലത്തിനടുത്തുനിന്നാണ് സ്കൂട്ടർ സഹിതം സൽമാൻ ഫാരിസ് അറസ്റ്റിലായത്. ഇയാളിൽനിന്ന് രണ്ട് ഗ്രാം എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുമാണ് കണ്ടെടുത്തത്. കൊറിയർവഴി ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്നവരെ കുറിച്ച് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും എക്സൈസ് ഐ.ടി സെല്ലും നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തിൽ മാങ്കാവ് പീപിൾസ് ഏജൻസീസിൽ നടത്തിയ പരിശോധനയിൽ 27 ഗ്രാം എം.ഡി.എം.എ, 18 ബോട്ടിൽ ഹാഷിഷ് ഓയിൽ, എൽ.എസ്.ഡി സ്റ്റാമ്പുകൾ എന്നിവ പിടിച്ചതോടെയാണ് സ്ഥാപനനടത്തിപ്പുകാരൻ നിഹാലിനെയും കൂട്ടാളി അജയകുമാറിനെയും അറസ്റ്റ് ചെയ്തത്. ഇവിടെനിന്ന് പിടികൂടിയ ലഹരിവസ്തുക്കൾക്ക് രണ്ടു ലക്ഷത്തിലേറെ രൂപ വിലവരും.
ഓപറേഷൻ സിന്തറ്റിക് ഹണ്ട് എന്ന പേരിലായിരുന്നു എക്സൈസിന്റെ ലഹരിവേട്ട. ബംഗളൂരൂ, ഗോവ എന്നിവിടങ്ങളിൽനിന്നും കൊറിയർ വഴിയും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചും ലഹരി എത്തിച്ച് കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് വിൽപന നടത്തുന്ന സംഘത്തെയാണ് പിടികൂടിയത്. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികൾ ഈ ലഹരി സംഘത്തിന്റെ വലയിൽ അകപ്പെട്ടതായാണ് വിവരം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.