കോഴിക്കോട്: ദീര്‍ഘകാലത്തിനുശേഷം ഐ ലീഗ് മത്സരം ഫ്ലഡ്ലിറ്റില്‍ നടക്കുന്നതിന്റെ ആവേശത്തിലാണ് മലബാറിലെ കാൽപന്തുപ്രേമികൾ. സൂപ്പര്‍കപ്പ് ഫുട്ബാളിനുശേഷം കോര്പറേഷന് സ്റ്റേഡിയമാണ് വീണ്ടും കാല്പന്ത് ആരവത്തിന് വേദിയാവുന്നത്. ലീഗിനായി സ്റ്റേഡിയത്തിൽ ഒരുക്കം പുരോഗമിക്കുകയാണ്.
ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഫുട്ബാൾ ഫെഡറേഷന്റെ സാങ്കേതിക വിദഗ്ധർ ശനിയാഴ്ച പരിശോധന നടത്തുകയും ഗോകുലം ടീം പരിശീലന മത്സരം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഞായറാഴ്ചയും രാത്രി ഫ്ലഡ് ലൈറ്റുകൾ പ്രകാശപ്പിച്ചു. നാലു ടവറുകളിലെ ലൈറ്റുകൾ മുഴുവനായും ഇന്നലെ പ്രകാശിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
ഐ ലീഗ് മത്സരങ്ങൾ തുടങ്ങുന്ന 28നുമുമ്പ് അറ്റകുറ്റപ്പണി നടത്തി ഇവ പൂർണസജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. 28ന് രാത്രി ഏഴിന് ഇന്റര്കാശിയുമായാണ് ആദ്യമത്സരം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മത്സരം രാത്രിയായതിനാല്‍ ഗോകുലം അധികൃതര്‍ കൂടുതല്‍ കാണികളെ പ്രതീക്ഷിക്കുന്നു. സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യമാണ്. അവധിദിനങ്ങളിലാണ് മത്സരമെന്നതും അധികൃതര്‍ക്ക് പ്രതീക്ഷനല്‍കുന്നു. ഉദ്ഘാടനമത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തില്‍ തൈക്കൂടം ബ്രിഡ്ജിന്റെ നേതൃത്വത്തിലുള്ള സംഗീതവിരുന്ന് അരങ്ങേറും. നടന് ദിലീപ് മുഖ്യാതിഥിയായി പങ്കെടുക്കും. 28, നവംബർ അഞ്ച്, ഒമ്പത്, 26, ഡിസംബർ 2 തീയതികളിലാണ് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴു മുതൽ ഐ ലീഗ് മത്സരം നടക്കുക.
ഫുട്ബാള്‍ വികസനം ലക്ഷ്യമാക്കി ഗോകുലം നാലു പുതിയ അക്കാദമികള്കൂടി തുടങ്ങിയതായി മാനേജ്മെന്റ് വ്യക്തമാക്കി. ജില്ലയിലെ യുവ ഫുട്ബാള്‍ കളിക്കാര്‍ക്കായി വ്യത്യസ്ത പരിശീലന പരിപാടികള്‍ സ്ഥാപിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ക്ലബ് കരാറിലെത്തുകയും ചെയ്തു. വനിത ഫുട്ബാള്‍ താരങ്ങളെ കണ്ടെത്തുന്നതിനായും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ക്ലബ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.