കോഴിക്കോട്: ഞായറാഴ്ച പൊതു സ്ഥലങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കും. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമെ ആളുകൾ പുറത്തിറങ്ങാവൂ. ജോലിക്ക് പോകുന്നവർ രേഖകൾ കൈവശം സൂക്ഷിക്കണം. നഗരത്തിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം പൊലീസ് പരിശോധനയുണ്ടാവും.
അനാവശ്യമായി നഗരത്തിലെത്തുന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കും. ഹോട്ടലുകളും റസ്റ്റാറന്റുകളും പാർസലുകൾക്ക് മാത്രമായി തുറക്കും. അവശ്യസാധനങ്ങളുടേതൊഴികെ മറ്റുകച്ചവട സ്ഥാപനങ്ങൾ അനുവദിക്കില്ല.
ജില്ലയിലെ പാർക്കുകൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പ്രവേശനമുണ്ടാവില്ല. യാത്രക്കാരുള്ളതിനനുസരിച്ച് മാത്രമെ സർവിസ് നടത്തുകയുള്ളൂവെന്ന് കെ.എസ്.ആർ.ടി.സി സോണൽ ഓഫിസർ സെബി അറിയിച്ചു. സ്വകാര്യ ബസുകൾ സർവിസ് നടത്തില്ലെന്ന് ബസുടമകളും നിയന്ത്രണങ്ങളുമായി പൂർണമായും സഹകരിക്കുമെന്ന് വ്യാപാരികളും അറിയിച്ചിട്ടുണ്ട്.
കോഴിക്കോട്: കോവിഡ് വ്യാപനത്തോടെ ജില്ലയുടെ വ്യാപാര മേഖല വീണ്ടും ആശങ്കയിൽ. ഇനിയും പൂർണ അടച്ചിടലുണ്ടാവുമോ എന്നതാണ് ലക്ഷക്കണക്കിനാളുകൾ ജോലിചെയ്യുന്ന വ്യാപാരമേഖലക്ക് മുകളിൽ കരിനിഴലാവുന്നത്.
ഏറെക്കാലമായി അടച്ചിട്ട വ്യാപാരസ്ഥാപനങ്ങൾ ഇപ്പോൾ പിച്ചവെക്കുന്നേയുള്ളൂ. നിരവധി സ്ഥാപനങ്ങളാണെങ്കിൽ ഇതിനിടെ എന്നെന്നേക്കുമായി അടച്ചുപൂട്ടുകയും ചെയ്തു. വിവാഹങ്ങൾ ഉൾപ്പെടെയുള്ളവ സജീവമായതിനു പിന്നാലെയാണ് വീണ്ടും നിയന്ത്രണങ്ങൾ വരുന്നത്. പൊതുപരിപാടികളടക്കം നിയന്ത്രിച്ചതിന്റെ അനുരണനങ്ങൾ വ്യാപാരമേഖലയിൽ വന്നുതുടങ്ങി.
ആഴ്ചയിലൊരിക്കലുള്ള നിയന്ത്രണവുമായി പൂർണമായും സഹകരിക്കുമെന്നും കൂടുതൽ ദിവസങ്ങൾ അടച്ചിടുന്നത് അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സീനിയർ വൈസ് പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് പറഞ്ഞു. സർക്കാർ നിർദേശിച്ചപോലെ അവശ്യ സാധനങ്ങളുടെ കടകൾ മാത്രമെ ഞായറാഴ്ച തുറന്ന് പ്രവർത്തിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്: കോവിഡ് മൂന്നാം തരംഗത്തോടെ ബസ് വ്യവസായം വീണ്ടും ഭീഷണിയിലാണെന്നും എങ്കിലും ഞായറാഴ്ചയിലെ നിയന്ത്രണങ്ങളുമായി പൂർണമായി സഹകരിക്കുമെന്നും ബസ് ഉടമകൾ. ഞായറാഴ്ച സർവിസുകൾ നടത്തില്ലെന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി തുളസീദാസ് കക്കോടി പറഞ്ഞു. അടച്ചിടൽ ദിവസങ്ങളിലൊന്നും ബസോടിക്കില്ല.
ബസ് വ്യവസായ മേഖലയിൽ കനത്ത പ്രതിസന്ധിയാണ് കോവിഡ് ഉണ്ടാക്കിയത്. ബസിൽ നിറയെ യാത്രക്കാർ കയറുന്നതിന് ഉടമകൾക്കും ജീവനക്കാർക്കുമെതിരെയാണ് പൊലീസ് കേസെടുക്കുന്നത്. ഇത് അവസാനിപ്പിക്കാൻ അധികൃതർ തയാറാവണം. ഈ ആവശ്യമുന്നയിച്ച് ബസുടമകളുടെ പ്രതിനിധികൾ ജില്ല കലക്ടർ, സിറ്റി പൊലീസ് മേധാവി, ആർ.ടി.ഒ എന്നിവരെ തിങ്കളാഴ്ച കാണും. തിങ്കളാഴ്ച മുതൽ ബസുകളിൽ കോവിഡ് ചട്ടം പാലിക്കുന്നവർ മാത്രം യാത്രചെയ്താൽ മതിയെന്ന നോട്ടീസ് പതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്: കോവിഡ് വ്യാപിച്ചതോടെ ഹോട്ടൽ വ്യവസായം വീണ്ടും പ്രതിസന്ധിയുടെ വക്കിലായെന്ന് ഉടമകൾ. എറെക്കാലത്തിനുശേഷം ചെറിയതോതിലെങ്കിലും കച്ചവടം കൂടിയപ്പോഴാണ് കോവിഡ് മൂന്നാം തരംഗം ഉണ്ടായത്. ഇതോടെ ഹോട്ടലിലെത്തുന്നവർ വലിയതോതിൽ കുറഞ്ഞെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ. സുഗുണൻ പറഞ്ഞു.
ഞായറാഴ്ച അമ്പതുശതമാനത്തോളം ഹോട്ടലുകളേ പാർസൽ സർവിസിനായി തുറക്കൂ. ആളുകളില്ലാതെ തുറന്നിട്ട് ജീവനകാർക്ക് കൂലികൊടുക്കാൻ പോലും കഴിയില്ല. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും ബസുകൾ സർവിസ് നടത്താതിരിക്കുകയും ചെയ്യുന്നതോടെ അങ്ങാടികളിലടക്കം ആളുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ നാലായിരത്തോളം ഹോട്ടലുകളാണുള്ളത്. കോവിഡിനെ തുടർന്ന് മുന്നൂറെണ്ണത്തിലേറെ പൂർണമായും അടച്ചുപൂട്ടിയെങ്കിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയവ ആരംഭിച്ചിരുന്നു.
കോവിഡ് നിയന്ത്രണം വരുമ്പോൾ അവ പാലിക്കാൻ വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് നിർബന്ധിതമാവുന്നതെന്നും തങ്ങൾക്കുമാത്രമാണ് പൊലീസ് പിഴ ചുമത്തുന്നതെന്നും ഹോട്ടൽ ഉടമകൾ പറഞ്ഞു. കോവിഡ് വ്യാപകമായ പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.