കോഴിക്കോട്: മെഡിക്കൽ കോളജ് സർജിക്കൽ ഐ.സിയുവിൽ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തിയ അഞ്ചു ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച നടപടി ഏറെ പ്രതിഷേധത്തിനും വിമർശനങ്ങൾക്കുമൊടുവിൽ പ്രിൻസിപ്പൽ ഡോ. മല്ലിക ഗോപിനാഥ് റദ്ദാക്കി. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ ജോലിയിൽ തിരിച്ചെടുത്ത ഉത്തരവ് റദ്ദുചെയ്യാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പ്രിൻസിപ്പലിന് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.
കുറ്റാരോപിതരെ ജോലിയിൽ തിരിച്ചെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമീഷൻ, ദേശീയ വനിതാ കമീഷൻ, സിറ്റി പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ സംസ്ഥാന വനിതാ കമീഷൻ കോഴിക്കോട് മെഡിക്കൽ കോളജിനോട് റിപ്പോർട്ട് തേടിയിരുന്നു.
പൊലീസ് അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പ് കുറ്റാരോപിതരായ ജീവനക്കാരെ തിരിച്ചെടുത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുൻ പ്രിൻസിപ്പൽ ഇ.പി. ഗോപി വിരമിക്കുന്ന ദിവസം തിടുക്കപ്പെട്ട് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. രാഷ്ട്രീയ സമ്മദത്തിന് വഴങ്ങിയാണ് ഇതെന്നായിരുന്നു ആരോപണം.
ജീവനക്കാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിൽ പറയുന്നത്. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് റദ്ദ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് അതിജീവിത പറഞ്ഞു. ജീവനക്കാരെ പിരിച്ചുവിടണമെന്നും യുവതി ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനാണ് തന്റെ പോരാട്ടമെന്നും അവർ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് അഞ്ചു ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവ് പുറത്തുവന്നത്. ആശുപത്രിയിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ അറസ്റ്റിലായ മെഡിക്കൽ കോളജ് ജീവനക്കാരൻ എം.എം. ശശീന്ദ്രനെ രക്ഷിക്കാൻ അഞ്ചു ജീവനക്കാർ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.