കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായി ഈസ്റ്റ് നടക്കാവിലെ കടകൾ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞു. ഈസ്റ്റ് നടക്കാവിലെ കെ.എസ്.ആർ.ടി.സി ഗാരേജ് പരിസരത്താണ് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ എത്തിയ ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ കെ. ഷെറീനയെയും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും വ്യാപാരികൾ തടഞ്ഞത്. അഞ്ചു കടകളിലെ വൈദ്യുതിബന്ധം ഉദ്യോഗസ്ഥർ വിച്ഛേദിച്ചു.
ഇതോടെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ സംഘടിച്ചെത്തി ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനൊപ്പം വ്യാപാരികൾക്ക് രണ്ടു ലക്ഷം രൂപയും ജീവനക്കാർക്ക് 36,000 രൂപയും നൽകണമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെ കടയൊഴിപ്പിക്കുകയാണെന്ന പരാതിയുമായി വ്യാപാരികൾ നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു.
വ്യാപാരികളുമായി ചർച്ച നടത്തി ഉചിതമായ രീതിയിൽ പ്രശ്നം പരിഹരിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. അതിനുശേഷം ജില്ല ഭരണകൂടം വ്യാപാരികളെ ഹിയറിങ്ങിന് വിളിപ്പിച്ചെങ്കിലും ചെറിയ തുക നൽകി കബളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. തുടർന്ന് ചൊവ്വാഴ്ച വ്യാപാരികൾ വീണ്ടും ഹൈകോടതിയെ സമീപിച്ചു. കേസ് ഫയലിൽ സ്വീകരിച്ച ഹൈകോടതി ജില്ല ഭരണകൂടത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് വെള്ളിയാഴ്ച പരിഗണിക്കും.
കേരള വ്യാപാരി വ്യവസായി സമിതി നേതാക്കളായ അഷ്റഫ് മൂത്തേടത്ത്, വി. സുനിൽകുമാർ, മനാഫ് കാപ്പാട്, റഹീം കട്ടയാട് എന്നിവരുടെ നേതൃത്വത്തിൽ നടക്കാവിലെ വ്യാപാരികൾ കലക്ടർ എ. ഗീതയെ കണ്ടു. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടകളിൽ കയറി വൈദ്യുതി വിച്ഛേദിക്കുന്നത് തടയണമെന്ന് വ്യാപാരികൾ കലക്ടറോട് ആവശ്യപ്പെട്ടു.
ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് കലക്ടർ ഉറപ്പുനൽകിയതായി വ്യാപാരികൾ അറിയിച്ചു. 73ഓളം വ്യാപാരികളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.