രാമനാട്ടുകര: അപ്രായോഗിക ഗതാഗത പരിഷ്കാരങ്ങളിൽ വീർപ്പുമുട്ടി രാമനാട്ടുകര ടൗൺ. അപകടരഹിത മേഖലയാക്കാനും സൗന്ദര്യവത്കരണം നടപ്പാക്കാനും അധികൃതർക്കും പൊലീസിനും പദ്ധതിയുണ്ടെങ്കിലും സമവായത്തിലൂടെ ആരെയും പിണക്കാതെ എങ്ങനെ ഗതാഗത പരിഷ്കാരം നടപ്പാക്കുമെന്നതാണ് പ്രധാനപ്രശ്നം.
പാർക്കിങ് സ്ഥലം ടൗണിന്റെ ഹൃദയഭാഗത്തുനിന്ന് മാറ്റിയാൽ ഓട്ടം കിട്ടാതെ കുത്തുപാള എടുക്കേണ്ടിവരുമെന്ന് നൂറുകണക്കായ ഓട്ടോ ഡ്രൈവർമാർ ആശങ്ക പങ്കുവെക്കുന്നു. സ്ഥാപനങ്ങളുടെ വഴിയടച്ച് വാഹനങ്ങൾ നിരന്നാൽ ഇടപാടുകാർ അകന്ന് തങ്ങൾ ഷട്ടർ താഴ്ത്തി വീട്ടിൽ പോകേണ്ടിവരുമെന്ന് വ്യാപാരികളിൽ ചിലർക്കും ഭയപ്പാട്. സുരക്ഷിതമായി വഴിനടക്കാൻ പോലും കഴിയാതെ തങ്ങൾ കഷ്ടത്തിലാണെന്ന് ജനം. എല്ലാവർക്കും പരാതിയും പരിഭവവും മാത്രം.
എല്ലാം കേട്ട് പലപ്പോഴും സ്വന്തം തീരുമാനം നടപ്പാക്കാനാകാതെ വെട്ടിലായിരിക്കുകയാണ് ബന്ധപ്പെട്ട അധികാരികൾ. എതിർപ്പിനെ തുടർന്ന് വെള്ളിയാഴ്ച ഗതാഗത പരിഷ്കാരം നടപ്പിൽ വരുത്താനാകാതെ മടങ്ങിയ പൊലീസ് ഇന്നത്തെ യോഗ തീരുമാനത്തിന് കാത്തിരിക്കുകയാണ്. ജില്ല അതിർത്തിക്കടുത്ത പ്രധാന ടൗണാണ് രാമനാട്ടുകര.
പക്ഷേ, മലപ്പുറം ജില്ലയിലെ കാലിക്കറ്റ് സർവകലാശാല, കോഴിക്കോട് വിമാനത്താവളം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും തിരിച്ചുമുള്ള വാഹനങ്ങൾ രാമനാട്ടുകര ജങ്ഷനിൽ പലപ്പോഴും കൂട്ടിയിടിക്കുന്നു. മരണത്തിനും പലർക്കും പരിക്കേൽക്കാനും ഇടയാക്കിയ ജങ്ഷനിലെ അപകടക്കുരുക്ക് ഒഴിവാക്കണമെന്ന ആവശ്യവും വർഷങ്ങളായി പരിഹാരമില്ലാത്ത വിഷയമാണ്.
മുമ്പ് പാറമ്മൽ, ഫാറൂഖ് കോളജ് റോഡുകളിലേക്ക് ഓട്ടോ പാർക്കിങ് മാറ്റാനുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം ഓട്ടോ ഡ്രൈവർമാരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇരുട്ടിയാൽ ബസ് സ്റ്റോപ്പും റോഡിലാണ്. തന്മൂലം രാത്രിയിലും റോഡിൽ യാത്രാക്ലേശമാണ്. പകൽ എന്ന പോലെ രാത്രിയിലും ബസ് സ്റ്റാൻഡിൽ ബസുകൾ എത്തുന്നത് ഉറപ്പാക്കണമെന്ന ആവശ്യവും ശക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.