കോഴിക്കോട്: രാമനാട്ടുകര ദേശീയപാത ബൈപാസിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ജീപ്പ് യാത്രക്കാരായ കോട്ടയം സ്വദേശി ശ്യാം വി. ശശി (29), കോട്ടയത്ത് താമസിക്കുന്ന കണ്ണൂർ കൊട്ടിയൂർ പാൽചുരത്തെ പുന്നക്കാപടവിൽ ജോർജ് പി. ആന്റണി (42) എന്നിവരാണ് മരിച്ചത്. രാമനാട്ടുകര -തൊണ്ടയാട് ബൈപാസിൽ മേൽപാലത്തിനു സമീപം തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് അപകടം.
ചേളാരിക്ക് പോവുകയായിരുന്ന ലോറിയും കൊട്ടിയൂരിലേക്ക് പോവുകയായിരുന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്. ജീപ്പും ലോറിയും നേർക്കുനേർ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോട്ടയം പുതുപ്പള്ളി എറികാട് വെട്ടിക്കൽ ശശിയുടെ മകനാണ് മരിച്ച ശ്യാം വി. ശശി. മാതാവ്: കമല. സഹോദരി ശ്യാമ. മൃതദേഹം ചൊവ്വാഴ്ച മുട്ടമ്പലം ശ്മശാനത്തിൽ സംസ്കരിക്കും.
കുടുംബത്തോടൊപ്പം കോട്ടയത്ത് താമസിച്ചിരുന്ന ജോർജ് അവിടെ ബിസിനസ് നടത്തുകയായിരുന്നു. പാൽച്ചുരം പുന്നക്കാപടവിൽ വീട്ടിലേക്ക് വരുംവഴിയാണ് അപകടം. ഭാര്യ: തുഷാര. മക്കൾ: ജോഷ് ആൻറണി, എനോഷ് ജൂഡ്, എംനോൺ, റബേക്ക ആൻ. സഹോദരങ്ങൾ: ലിസി, ബെന്നി, വിൽസൺ, സെബാസ്റ്റ്യൻ, ലിറ്റി, ലിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാൽച്ചുരം ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയ സെമിത്തേരിയിൽ.
വാഹനയാത്രക്കാരും ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫറോക്ക് പൊലീസും സ്ഥലത്തെത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ രണ്ടു പേരും മരിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് സംശയിക്കുന്നു. ജീപ്പിൽ ബാരലുകളിലും കാനുകളിലും നിറച്ച നിലയിൽ സാനിറ്റൈസറുകളും ഗ്ലൗസുകളും കോവിഡ് പ്രതിരോധ സാമഗ്രികകളും നിലം വ്യത്തിയാക്കാൻ ഉപയോഗിക്കുന്ന മോപ്പുകളും മറ്റുമാണ് ഉണ്ടായിരുന്നത്. കടകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന വ്യാപാരികളാണ് മരിച്ചവർ.
കഴിഞ്ഞ ആഴ്ചയും രാമനാട്ടുകരയിൽ ലോറിയുമായി കൂട്ടിയിടിച്ച് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളും സ്വർണക്കടത്ത് സംഘത്തിലെ അംഗങ്ങളുമായ അഞ്ചു പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.