കോഴിക്കോട്: തെരുവിൽ അലയുന്നവരില്ലാത്ത കോഴിക്കോട് എന്ന ലക്ഷ്യവുമായി ആരംഭിച്ച ‘ഉദയം’ പദ്ധതി നാലാം വർഷത്തിലേക്ക്. തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി 2020ലാണ് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഉദയം ആരംഭിച്ചത്. 1700ലേറെ പേരെയാണ് ഇതുവരെ പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിച്ചത്.
നിലവിൽ ചേവായൂർ, വെള്ളിമാടുകുന്ന്, മാങ്കാവ്, വെള്ളയിൽ എന്നിവിടങ്ങളിലായി നാല് ഷെൽട്ടർ ഹോമുകളാണ് പദ്ധതിക്ക് കീഴിലുള്ളത്. നാല് ഷെൽട്ടർ ഹോമുകളിലുമായി നിലവിൽ നാനൂറിലധികം പേർ താമസിക്കുന്നു. തെരുവിൽ അലയുന്നവരെ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനം. ഇങ്ങനെ കണ്ടെത്തുന്നവരെ തങ്ങളുടെ കുടുംബങ്ങളുമായി കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങളും പദ്ധതിയിലൂടെ നടത്തുന്നുണ്ട്. 160ലധികം പേരെ ഇതിനോടകം കുടുംബങ്ങളുമായി കൂട്ടിച്ചേർക്കാൻ കഴിഞ്ഞു.
ഷെൽട്ടർ ഹോമുകളിലെ അന്തേവാസികൾക്ക് മാനസികാരോഗ്യം ഉൾപ്പെടെ ആരോഗ്യപരിപാലന സേവനങ്ങളും നൽകിവരുന്നുണ്ട്. വിദ്യാഭ്യാസ-സാക്ഷരത പ്രവർത്തനങ്ങളും തൊഴിൽ കണ്ടെത്താനുള്ള സഹായവും പദ്ധതി വഴി നൽകുന്നു. സന്നദ്ധസംഘടനകളും കൂട്ടായ്മകളും വ്യക്തികളും പദ്ധതിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നു. ഉദയം പദ്ധതിയിലേക്ക് പൊതുജനങ്ങൾക്കും 9207391138 എന്ന നമ്പറിൽ ബന്ധപ്പെട്ട് സഹായങ്ങൾ നൽകാം. പദ്ധതിയുടെ ഭാഗമായി കൂടുതൽ ഷെൽട്ടർ ഹോമുകൾ തുടങ്ങാനും തൊഴിൽ പരിശീലനങ്ങൾ നൽകാനും ആലോചനയുണ്ട്.
ജില്ല ഭരണകൂടം, സാമൂഹികനീതി വകുപ്പ്, ജില്ല പഞ്ചായത്ത്, കോര്പറേഷന് എന്നിവരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല കലക്ടർ ചെയർപേഴ്സനും സബ് കലക്ടർ വൈസ് ചെയർപേഴ്സനും ജില്ല സാമൂഹിക നീതി ഓഫിസർ സെക്രട്ടറിയുമായുള്ള ഭരണസമിതിയാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.