വടകര: വടകര-മാഹി കനാൽ ജലപാത വികസനം 2025ല്‍ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിൽ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ സബ്മിഷന് മറുപടി നൽകുകയായിരുന്നു. വടകര-മാഹി കനാൽ പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുപ്പിനായി 25.30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കുറ്റ്യാടിപ്പുഴയെയും മയ്യഴി പുഴയെയും ബന്ധിപ്പിക്കുന്ന വടകര മാഹി കനാലിന് 17.61 കി.മീ. ദൂരമുണ്ട്. അഞ്ച് ഘട്ടങ്ങളിലായാണ് പ്രവൃത്തി പുരോഗമിക്കുന്നത്. വടകര മാഹി കനാൽ പ്രവൃത്തിയുടെ മൂന്നാം റീച്ചിലെ ഉയര്‍ന്ന കട്ടിങ് ആവശ്യമുള്ള ഭാഗത്ത് പ്രത്യേക സംരക്ഷണ പ്രവൃത്തിക്കുള്ള കരടു പദ്ധതി സമര്‍പ്പിച്ചെങ്കിലും പ്രവൃത്തി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. മൂന്നാം റീച്ച് പ്രവൃത്തി ആരംഭിച്ചാൽ മാത്രമേ വടകര-മാഹി കനാൽ പ്രവൃത്തി 2025ൽ പൂർത്തിയാക്കാൻ കഴിയൂ.
മൂന്നാം റീച്ച് പ്രവൃത്തികൾക്ക് എൽ.ബി.എസ് തിരുവനന്തപുരം തയാറാക്കിയ ഡിസൈന്‍ പരിഷ്കരിക്കാനും ഈ ഭാഗത്തെ മണ്ണിന്റെ പ്രത്യേകത പരിഗണിച്ച് കനാലിന്റെ കരകള്‍ ബലപ്പെടുത്താനും ‘റോക്ക് ബോൾട്ട് വിത്ത് വയർ മെഷ് ഫാസിങ്’ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംരക്ഷണപ്രവൃത്തിയുടെ സാധ്യതകള്‍ പഠിക്കാൻ കിഫ്ബി എക്സിക്യൂട്ടിവ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. എൽ.ബി.എസിന്റെ മാർഗ നിർദേശത്തോടെ ഇതിനായുള്ള പരിശോധനകൾ നടത്താൻ എസ്റ്റിമേറ്റ് തയാറാക്കിവരുകയാണ്. പ്രവൃത്തി പൂർത്തിയാവുന്നതോടെ കാർഷിക വ്യാവസായിക വിനോദ സഞ്ചാര മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.