കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽനിന്ന് പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമാക്കുന്ന വിവരം ഗുണഭോക്താക്കൾ അറിയുന്നില്ല. മെഡിക്കൽ കോളജിൽനിന്ന് വാഹന സൗകര്യം നൽകുന്നുണ്ടെങ്കിലും ഇക്കാര്യം അറിയാതെ പലരും സ്വയം വാഹനം വിളിച്ചു പോവുകയാണ്. 'അമ്മയും കുഞ്ഞും' പദ്ധതി പ്രകാരം സർക്കാർ ആശുപത്രിയിൽ പ്രസവം നടന്നാൽ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് വാഹനത്തിൽ സൗജന്യമായി എത്തിച്ചുനൽകും. വാഹന സൗകര്യം ലഭ്യമാക്കാൻ സാധിച്ചില്ലെങ്കിൽ വാഹന വാടക ആശുപത്രിയിൽനിന്ന് നൽകുകയും ചെയ്യും.
മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് അമ്മയും കുഞ്ഞും പദ്ധതിയുടെ ഗുണഭോക്താക്കളെ വീടുകളിൽ എത്തിക്കാൻ ടാക്സി ഡ്രൈവർമാരുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആകുന്നവർ രേഖകൾ 'അമ്മയും കുഞ്ഞും' കൗണ്ടറിൽ ഏൽപിക്കുമ്പോൾ അവിടെനിന്ന് ടാക്സി ഡ്രൈവർമാരെ വിളിച്ച് യാത്രാസൗകര്യം ഏർപ്പെടുത്തി നൽകും. ഗുണഭോക്താവിന് സൗജന്യമായി ലക്ഷ്യസ്ഥാനത്ത് എത്താം. അതിനുശേഷം ടാക്സി ഡ്രൈവർ യാത്ര ചെയ്ത ദൂരത്തിന്റെ കണക്ക് ആശുപത്രിയിൽ ബോധിപ്പിച്ച് റിപ്പോർട്ട് നൽകിയാൽ അവർക്ക് കൂലി ലഭ്യമാക്കുന്നതാണ് സംവിധാനം.
30 ടാക്സികളാണ് ഇത്തരത്തിൽ ഓടാൻ തയാറായിട്ടുള്ളത്. എന്നാൽ, ഒരു ദിവസം 10 ഡിസ്ചാർജ് നടക്കുകയാണെങ്കിൽ അതിൽ മൂന്നോ നാലോ ട്രിപ് മാത്രമാണ് കിട്ടുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. മറ്റുള്ളവർ വാഹനം വിളിച്ച് പോവുകയാണ്.
എന്നാൽ, വാഹന സൗകര്യം ആശുപത്രിയിൽനിന്ന് ലഭ്യമാക്കുന്നുണ്ടെന്നും ഒന്നോ രണ്ടോ പേർക്ക് മാത്രമേ സൗകര്യമൊരുക്കാൻ സാധിക്കാതിരുന്നിട്ടുള്ളൂവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.