കോഴിക്കോട്: ഹരിതകർമസേന മുഖേന നഗരത്തിലെ മാലിന്യം ശേഖരിക്കുന്നതിനായി 75 വാർഡിലേക്കും ഓരോ ഗുഡ്സ് ഓട്ടോ കണ്ടെയ്നറുകൾ വാങ്ങാൻ തീരുമാനം. മൊത്തം 2.36 കോടി രൂപ ചെലവിൽ വൈദ്യുതി വാഹനങ്ങൾ വാങ്ങാനാണ് തീരുമാനം. ശനിയാഴ്ച നടക്കുന്ന കോർപറേഷൻ കൗൺസിൽ യോഗം വിഷയം പരിഗണിക്കും. നാല് കൊല്ലം ബാറ്ററി വാറന്റിയുള്ള വാഹനം വാങ്ങാനാണ് തീരുമാനം. മൂന്നുപേർ പങ്കെടുത്ത ലേലത്തിലാണ് ഇത്രയും തുകയുടെ കരാർ നൽകാൻ തീരുമാനിച്ചത്.
ഹരിതകർമ സേന സംവിധാനം തുടങ്ങി ഒരുകൊല്ലത്തോടടുത്തപ്പോൾതന്നെ 1,41,204 വീടുകളിൽ കർമസേന എത്തുന്നതായാണ് കണക്ക്. ഇത് നഗരത്തിലെ 95 ശതമാനത്തോളം വീടുകളുണ്ടാവും. സംഭരണം കൃത്യമായതോടെ വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവമാലിന്യം സംഭരിച്ച് വെക്കാനുള്ള സൗകര്യമില്ലാത്തത് മുഖ്യപ്രശ്നമായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ വാഹനങ്ങൾ വാങ്ങുന്നത്. മാലിന്യം സംഭരിക്കാൻ കൂടുതൽ എം.സി.എഫുകൾ, കുപ്പിക്കൂട് എന്നിവ തുടങ്ങാനും കോർപറേഷൻ തീരുമാനമുണ്ട്.
20 കണ്ടെയിനറുകളും വാങ്ങും. തെരുവ് അടിച്ചുവാരിയ മാലിന്യം മാത്രം ഒരുമാസംകൊണ്ട് രണ്ടുലക്ഷം കിലോ വരെയുണ്ട്. ദിവസവും 10 ടൺ വരെ മാലിന്യം ഇതുവഴി സംഭരിക്കുന്നതായാണ് കണക്ക്. ഇപ്പോൾ ഫീസ് നൽകി മാലിന്യം കൈമാറുന്നത് 63,617 വീടുകളാണ്.
കടകളിലെ മാലിന്യശേഖരണത്തിനായി ഹരിതകർമസേനയുടെ 18 പേരെ നിയോഗിച്ചു. ഒരുവാർഡിൽ 10 എന്ന രീതിയിൽ ഹരിതകർമസേനാംഗങ്ങളുടെ എണ്ണം കൂട്ടുന്നുണ്ട്. നിലവിൽ 598 അംഗങ്ങളാണുള്ളത്. 600 രൂപ തോതിലാണ് ഇവർക്ക് ദിവസവേതനം. വാഹനങ്ങൾ വരുന്നതോടെ പ്ലാസ്റ്റിക് ശേഖരണവും സംസ്കരണവും കാര്യക്ഷമമായാൽ അതിന്റെ വിൽപനയിലൂടെ ലഭിക്കുന്ന തുകകൂടി ഇവർക്ക് നൽകാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.