കോഴിക്കോട്: കോവിഡ് മഹാമാരി വിട്ടൊഴിയുകയും ആൾക്കൂട്ട നിയന്ത്രണങ്ങളില്ലാതാവുകയും ചെയ്തതോടെ ഉത്സവ സീസണെ വരവേറ്റ് നാടും നഗരവും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിഷു, റമദാൻ, ഈസ്റ്റർ മേളകൾ നേരത്തെ സജീവമായി. പുതുമയുടെയും വിലക്കുറവിന്‍റെയും വലിയ ഓഫറുകളുമായാണ് മേളകൾ ആളുകളെ വരവേൽക്കുന്നത്. വസ്ത്ര, കൈത്തറി, കരകൗശല മേളക്കൊപ്പം ഗൃഹോപകരണ, മൊബൈൽ ഫോൺ വിപണിയടക്കം സജീവമായി. മുൻവർഷങ്ങളിലെ നഷ്ടങ്ങളിൽനിന്ന് ഇത്തവണ കരകയറാനാവുമെന്ന പ്രതീക്ഷയിൽ സ്റ്റോക്കുകൾ നേരത്തെയെത്തിച്ച് വലിയ ഒരുക്കങ്ങളാണ് വ്യാപാര സ്ഥാപനങ്ങൾ നടത്തിയത്.
വ്യവസായ വാണിജ്യ വകുപ്പ് കോർപറേഷൻ സ്റ്റേഡിയം വളപ്പിൽ കൈത്തറി മേള ആരംഭിച്ചതോടെയാണ് പ്രത്യേക ഉത്സവ മേളകൾക്ക് നഗരത്തിൽ തുടക്കമായത്. ജില്ലയിലെ മുഴുവൻ കൈത്തറി സഹകരണ സംഘങ്ങളും തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സംഘങ്ങളുടെയും സ്റ്റാളുകളാണ് മേളയിലുള്ളത്. കൈത്തറിയുടെ കമനീയ ശേഖരമുള്ള മേളയിൽ ഉൽപന്നങ്ങൾ 20 ശതമാനമാണ് സർക്കാർ റിബേറ്റ്.
കൺസ്യൂമർ ഫെഡിന്‍റെ മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റിലാരംഭിച്ച റമദാൻ ഫെസ്റ്റിൽ കാരക്കയും ഡ്രൈഫ്രൂട്ട്സും മറ്റുപഴവർഗങ്ങളും ഉൾപ്പെടുന്ന 'റമദാൻ സ്പെഷൽ കോർണർ' വരെ സജ്ജീകരിച്ചിട്ടിട്ടുണ്ട്. രാവിലെ പത്തുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കുന്ന ഫെസ്റ്റിൽ നോമ്പുതുറ സ്പെഷൽ വിഭവങ്ങളും തരിക്കഞ്ഞി പോലുള്ള ലഘു പാനീയങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാകുന്ന റമദാൻ സ്പെഷൽ സ്നാക്സ്ബാറും ആരംഭിച്ചു. ഹോം ഡെലിവറിക്ക് www.consumerfed എന്ന വെബ്സൈറ്റിൽ ഓർഡർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. സർക്കാർ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ 30 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുന്ന വിഷു-ഈസ്റ്റർ-റമദാൻ സഹകരണ വിപണി ഏപ്രിൽ 12ന് ജില്ലയിലെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രാഥമിക സഹകരണസംഘങ്ങളുടെ വിപണന കേന്ദ്രങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ആരംഭിക്കും.
മിഠായിത്തെരുവിലെ ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിലും വിഷു -റമദാൻ മേള തുടങ്ങി. കുപ്പടം ദോത്തികൾ, ബെഡ് ഷീറ്റുകൾ, ഡാക്കാ മസ്ലിൻ തുണിത്തരങ്ങൾ, ഉന്നം നിറച്ച കിടക്കകൾ, തുകൽ ഉൽപന്നങ്ങൾ, പാലക്കാടൻ മൺപാത്രങ്ങൾ, തേക്കിൻ തടിയിൽ പണിത ഫർണിച്ചറുകൾ, കരകൗശല സാധനങ്ങൾ, ആയുർവേദ സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങിയവയുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയത്. മേയ് മൂന്നുവരെയുള്ള മേളയിൽ തുണിത്തരങ്ങൾക്ക് 30ഉം ഫർണിച്ചറുകൾക്ക് പത്ത് ശതമാനവും കിഴിവ് ലഭിക്കും. നഗരത്തിലെ മറ്റു വ്യാപാര സ്ഥാപനങ്ങളിലും വിഷു -റമദാൻ -ഈസ്റ്റർ മേളകൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.