കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ വരുന്ന സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലായി. ഒരു വിഭാഗം മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും എതിർപ്പ് വകവെക്കാതെയാണ് ഉത്തരവ് നടപ്പാക്കിയത്. ഇനിമുതൽ അപേക്ഷകർക്കോ ഏജന്റുമാർക്കോ ഓഫിസിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. വകുപ്പ് പൂർണമായും കമ്പ്യൂട്ടർവത്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ രേഖകൾക്കും ലൈസൻസുൾപ്പെടെ പല സേവനങ്ങൾക്കും ഓഫിസുകളിലെ ക്ലർക്കുമാരെ നേരിട്ട് സമീപിക്കുന്നത് സ്വാധീനങ്ങൾക്കും ഇടപെടലുകൾക്കും കാരണമാകുന്നതായി ആക്ഷേപമുണ്ടായിരുന്നു.
അപേക്ഷകരിൽനിന്ന് അമിതമായി പണം ഈടാക്കുന്ന ആക്ഷേപം ഉയർന്നതിനെത്തുടർന്നാണ് നടപടി. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന അപേക്ഷകർക്കും ഇടത്തട്ടുകാർക്കും പൊതുജനങ്ങൾക്കും പബ്ലിക് റിലേഷൻ ഓഫിസറുടെ മുമ്പാകെ വരെ മാത്രമേ ഇനിമുതൽ സന്ദർശനം അനുവദിക്കുകയുള്ളൂ. ഓഫിസ് സമയങ്ങളിൽ പ്രവേശനകവാടത്തിന്റെ ഗ്രിൽ പൂട്ടിയിടും. അപേക്ഷകളിൽ കൂടുതൽ വ്യക്തത ആവശ്യമുള്ള കേസുകളിൽ മാത്രം ഓഫിസ് മേധാവിയെ കണ്ട് പരിഹാരം തേടുന്നതിന് സന്ദർശകരെ അനുവദിക്കും. നിർദേശങ്ങൾ പാലിക്കാത്ത ഓഫിസ് മേധാവികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.