കോഴിക്കോട്: വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിൽ മുന്നണികളുടെ വാക്പോരും വീറും തീരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തേതിനു സമാനമായി ആരോപണ പ്രത്യാരോപണങ്ങൾ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭാഗത്തുനിന്ന് അനുദിനം തുടരുകയാണ്. പോളിങ് ശതമാനം മുൻവർഷത്തേക്കാൾ കുറഞ്ഞത് എങ്ങനെ പ്രതിഫലിക്കുമെന്നതിൽ ഇരുപക്ഷത്തിനും ചങ്കിടിപ്പുണ്ട്.
എന്നാൽ, ഇത് മറച്ചുവെച്ച് വിജയം ഉറപ്പാണെന്നാണ് ഇരുപക്ഷവും അവകാശപ്പെടുന്നത്. യു.ഡി.എഫ് ഒരുലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ അവകാശപ്പെട്ടത്. എൽ.ഡി.എഫ് തിളക്കമാർന്ന വിജയം നേടുമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനും പറയുന്നു. തീപാറും പോരാട്ടം നടന്ന വടകരയിലെ ജയപരാജയം ചൂണ്ടിക്കാട്ടി വാതുവെപ്പുകളും വാക്പോരുകളും പ്രവർത്തകർക്കിടയിലും സജീവമാണ്.
മറ്റു മണ്ഡലങ്ങളിലെപ്പോലെ തന്നെയായിരുന്നു തുടക്കത്തിൽ വടകരയിലും ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നത്. എന്നാൽ, എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെയുണ്ടായ സൈബർ ആക്രമണത്തെ അശ്ലീല പ്രചാരണമെന്ന് ചൂണ്ടിക്കാട്ടി സി.പി.എം സംസ്ഥാന തലത്തിൽ ചർച്ചയാക്കിയതോടെയാണ് എങ്ങും കാണാത്തവിധം ‘സൈബർ യുദ്ധം’ ശക്തമായത്. ശൈലജയുടെ മോർഫ് ചെയ്ത വിഡിയോ യു.ഡി.എഫും സ്ഥാനാർഥിയും പ്രചരിപ്പിച്ചു എന്നായിരുന്നു പ്രധാന ആരോപണം.
എന്നാൽ, ഇതിനെ അതിശക്തമായി യു.ഡി.എഫ് പ്രതിരോധിച്ചു. പിന്നാലെ പൊലീസ് കേസുകളും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായി. വടകര പ്രസ് ഫോറത്തിന്റെ മുഖാമുഖത്തിൽ, തന്റെ മോർഫ് ചെയ്ത വിഡിയോ പ്രചരിപ്പിച്ചുവെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ശൈലജ വിശദീകരിച്ചതോടെ രംഗം വീണ്ടും കലങ്ങിമറിഞ്ഞു.
ഇതോടെ എൽ.ഡി.എഫ് മോശം പ്രചാരണമാണ് നടത്തിയതെന്നായി യു.ഡി.എഫ്. വോട്ടെടുപ്പിനു തൊട്ടുമുമ്പാണ് ഈ വിവാദം അൽപം അടങ്ങിയത്.
യു.ഡി.എഫ് സ്ഥാനാർഥി അഞ്ചുനേരം നമസ്കരിക്കുന്ന ദീനിയാണെന്നും ശൈലജ കാഫിറായ സ്ത്രീയാണെന്നും വിശ്വാസികൾക്ക് കാഫിറായ സ്ത്രീക്ക് വോട്ട് ചെയ്യാൻ പറ്റുമോ എന്ന തരത്തിലും പ്രചാരണം നടന്നതായി ആരോപണം ഉയർന്നു.
ഇതുസംബന്ധിച്ച സ്ക്രീൻ ഷോട്ടുകളും വലിയ തോതിൽ പ്രചരിപ്പിച്ചു. വടകരയുൾപ്പെടെ മണ്ഡലങ്ങളിൽ വർഗീയ ധ്രുവീകരണ ശ്രമം കോൺഗ്രസും ബി.ജെ.പിയും നടത്തിയെന്നും വടകരയിൽ സഹായിച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തിരിച്ചുസഹായിക്കാമെന്നാണ് ധാരണയെന്നും ഇതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തുറന്നടിച്ചു.
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ബി.ജെ.പി പ്രഭാരി പ്രകാശ് ജാവ്ദേക്കറുമായി നടത്തിയ വിവാദ കൂടിക്കാഴ്ചയിൽനിന്ന് ചർച്ച മാറ്റാനാണ് തനിക്ക് വർഗീയ ചാപ്പ ചുമത്തുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും പ്രതികരിച്ചു.
പിന്നാലെ കെ.കെ. ശൈലജയെ മുസ്ലിംവിരുദ്ധയായി ചിത്രീകരിക്കാൻ യു.ഡി.എഫ് ശ്രമിച്ചെന്നാരോപിച്ച് സി.പി.എം ജില്ല കമ്മിറ്റിയും രംഗത്തുവന്നു. നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങൾ ഏറ്റുപിടിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രവർത്തകരും ‘ഏറ്റുമുട്ടൽ’ തുടരുകയാണ്. സൈബറിടത്തിൽ കത്തിപ്പടരുന്ന വിവാദം കൈവിട്ടുപോകുമോ എന്ന ആശങ്കയിലാണ് വടകരയിലെ വോട്ടർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.