കൊടുവള്ളി: നഗരസഭയിലെ കണ്ടാല മലയിൽ കൂട്ടിയിട്ട അജൈവ മാലിന്യം നീക്കം ചെയ്തുതുടങ്ങിയെന്ന നഗരസഭ ചെയർമാന്റെയും കൗൺസിലറുടെയും അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതും ജനരോഷം ശമിപ്പിക്കുന്നതിനുള്ള പൊടിക്കൈ പ്രയോഗവുമാണെന്ന് എൽ.ഡി.എഫ് പട്ടിണിക്കര മേഖല കമ്മിറ്റി. പ്രകൃതിരമണീയമായ കണ്ടാല മലയിൽ കൊടുവള്ളി നഗരസഭയിലെ മുഴുവൻ മാലിന്യങ്ങളും കൂട്ടിയിട്ട പശ്ചാത്തലത്തിൽ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ജനവികാരം തണുപ്പിക്കുന്നതിന്റെ ഭാഗമായി ചെയർമാനും കൗൺസിലറും ഉൾപ്പെടെയുള്ളവർ കണ്ടാല മലയിലെത്തുകയും മാലിന്യങ്ങൾ സുരക്ഷിതമായി കയറ്റിയയക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. മൃഗങ്ങൾ കടിച്ചുകീറിയും പൊട്ടിയൊലിച്ചും വികൃതമാക്കിയ മാലിന്യക്കൂമ്പാരത്തിൽ നിന്നും ചെറിയൊരു ഭാഗം ചാക്കിൽ കെട്ടി വെച്ചതല്ലാതെ അവ നീക്കം ചെയ്യാനുള്ള ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല.
പട്ടിണിക്കര ഡിവിഷനിൽപെട്ട ഈ പ്രദേശം മാലിന്യം തള്ളൽ കേന്ദ്രമാക്കിയത് പ്രകൃതിക്കും ജനങ്ങൾക്കും വലിയ ദുരിതമായി മാറിയിട്ടുണ്ട്.
രോഗാണുക്കൾ പടരുന്നതിനും കുടിവെള്ള സ്രോതസ്സുകൾ ഉൾപ്പെടെ മലിനമാകുന്നതിനും ഇത് ഇടയാക്കും. നഗരസഭയിലെ മൊത്തം മാലിന്യങ്ങളും കണ്ടാല മലയിൽ കൊണ്ടുവന്ന് പ്രദേശം ഒരു ഞെളിയൻപറമ്പാക്കാനുള്ള നീക്കം ചെറുക്കുമെന്നും മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പി. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. യു.പി. മജീദ്, എ.പി. ഗഫൂർ, വി.പി. റസാഖ്, കെ. ശശി, കെ.വി. മുജീബ്, കെ.പി. മുഹമ്മദ് ബാവ, കെ.വി. ബഷീർ, കെ.കെ. ജഅഫർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.