കോഴിക്കോട്: നഗരത്തിൽ സ്വൈരജീവിതത്തിന് ശല്യമായി വന്യജീവികളടക്കം പെരുകുന്നു. ആഫ്രിക്കൻ ഒച്ചും കാട്ടുപന്നിയുമാണ് പ്രശ്നമായി മാറിയത്. മുള്ളൻ പന്നികളും കുറുക്കനും നേരത്തേ തന്നെ നഗരത്തിൽ സ്ഥിരം കാഴ്ചയാണ്.
ആഫ്രിക്കൻ ഒച്ചുകൾ കൂട്ടമായി പടരുന്നു
കോട്ടൂളി, കുടിൽതോട്, വേങ്ങേരി, മീഞ്ചന്ത വാർഡുകളിലാണ് ആഫ്രിക്കൻ ഒച്ചുകൾ കൂട്ടമായെത്തിയത്. സിവിൽ സ്റ്റേഷൻ പാച്ചകാക്കിൽ ഭാഗത്തും ഒച്ച് ധാരാളമുണ്ട്. വീടുകളിൽ അടുക്കളയിലും ശുചിമുറിയിലും കിടപ്പുമുറിയിലുമെല്ലാം ഇവ നിറയുന്നു. ഇനിയും വർധിച്ചാൽ കൃഷിയെയും ആരോഗ്യത്തെയും ബാധിക്കുമെന്നാണ് ആശങ്ക. പപ്പായ, വാഴ എന്നിവ ഒച്ചിന്‍റെ ഇഷ്ട വിഭവങ്ങളാണ്. കാര്യമായ ശത്രുക്കളില്ലാത്ത ഇവക്കെതിരെ ഉപ്പ് ലായനിയാണ് മുഖ്യമായി പ്രയോഗിക്കുന്നത്. എല്ലാ വീടുകളിലും ഒച്ചുകളെ പെറുക്കിയെടുത്ത് ഗാഡഉപ്പ് ലായനിയിലിടുവാൻ നിർദേശം നൽകുന്ന ലഘുലേഖകൾ കോർപറേഷൻ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. കടൽ വെള്ളമൊന്നും ഇവക്ക് പ്രശ്നമല്ല. പെട്ടെന്ന് പെറ്റുപെരുകുമെന്നതും ആശങ്കയുണ്ടാക്കുന്നു. ഒറ്റത്തവണ 100 മുട്ടവരെയിടുമെന്നാണ് കണക്ക്. മസ്തിഷ്ക ജ്വരത്തിന് കാരണമാക്കുന്ന വിരകളുടെ വാഹകരാണ് ഇത്തരം ഒച്ചുകളെന്ന് കണ്ടെത്തിയിട്ടുണ്ട്. എണ്ണം കൂടുന്നതിനനുസരിച്ച് അപകടാവസ്ഥയും കൂടും. കുമ്മായം കാര്യമായി ഇവയെ ബാധിക്കാറില്ല. പുകയിലക്കഷായം, തുരിശ് എന്നിവയുടെ പ്രയോഗവും നിർദേശിച്ചിട്ടുണ്ട്.
സിവിൽസ്റ്റേഷൻ പരിസരം വാഴാൻ പന്നിക്കൂട്ടങ്ങൾ
സിവിൽ സ്റ്റേഷൻ വാർഡിലാണ് കാട്ടുപന്നിയുടെ ശല്യം ഏറ്റവുമധികം. കഴിഞ്ഞ ദിവസം ഒരാൾക്ക് പന്നിയുടെ കുത്ത് കിട്ടി. വാഴയും ചേമ്പും കപ്പയും മഞ്ഞളുമെല്ലാം കുത്തിയിളക്കുന്നു. കോട്ടൂളി മീമ്പാലക്കുന്നിലെ കാടുനിറഞ്ഞ ഭാഗവും ബൈപ്പാസിന് ചുറ്റുമുള്ള ചതുപ്പുമൊക്കെയാണ് മുഖ്യ താമസകേന്ദ്രം. കോട്ടൂളി ചുള്ളിയോട് റോഡ്, സിവിൽ സ്റ്റേഷൻ മധുരവനം റോഡ്, ചേവരമ്പലം തുടങ്ങി 10 കിലോമീറ്റർ സ്ഥലത്തിനുള്ളിൽ പന്നികളെ കണ്ടവരുണ്ട്. വൈകീട്ട് നാലിന് വരെ ഇവ കൂട്ടത്തോടെ എത്തുന്നു. പന്നി കുറുകെച്ചാടി ദേശീയപാത ബൈപ്പാസിൽ യുവാവ് മരിച്ചിട്ട് അധികമായില്ല. അതിന്‍റെ പിറ്റേന്ന് പന്നികളിലൊന്നിനെ വെടിവെച്ച് കൊന്നിരുന്നു. കോട്ടൂളി പനാത്ത് താഴത്ത് ബസിറങ്ങി വീട്ടിലേക്ക് നടന്ന യുവാവിനെയാണ് പന്നി കഴിഞ്ഞ മാസം ആക്രമിച്ചത്. പുലർച്ചെ നടക്കാനിറങ്ങുന്നവരും ഭീതിയിലാണ്. താമരശ്ശേരിയിൽ വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ പന്നികളെ വെടിവെക്കുന്നത് ആരംഭിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾക്ക് പന്നിയെ വെടിവെക്കാമെന്ന സർക്കാർ ഉത്തരവുണ്ടെങ്കിലും നടപടിക്രമങ്ങൾ ഇറങ്ങിയിട്ടില്ല. ഇക്കാരണത്താൽ വനം വകുപ്പിന് മാത്രമെ ഇവയെ വെടിവെക്കാൻ കഴിയുകയുള്ളൂ. പരിക്കേറ്റവർക്ക് നഷ്ടം നൽകാനും നടപടിയായില്ല.
'കൂടുതൽ പന്നികളെ വെടിവെച്ചു കൊല്ലും'
കോട്ടൂളി വാർഡിൽ സുന്ദരൻ കണിയാറക്കലിന്‍റെ വീട്ടുവളപ്പിൽ ഇറങ്ങിയ എട്ട് പന്നികളിൽ 50ഉം 60ഉം കിലോ വരുന്ന രണ്ടു ആൺ പന്നികളെ കഴിഞ്ഞ ദിവസം രാത്രി 11ന് വനം വകുപ്പ് എം.പാനൽ ഷൂട്ടർ മുക്കം സി.എം. ബാലന്‍റെ നേതൃത്വത്തിൽ സാഹസികമായി വെടിവെച്ചു കൊന്നു. ജഡം സംഭവസ്ഥലത്തുതന്നെ സംസ്കരിച്ചു. കൂടുതൽ പന്നികളെ പിടികൂടാനുണ്ടെന്നും അടുത്ത ദിവസം വെടിവെക്കാനാണ് തീരുമാനമെന്നും കൗൺസിലർ എം.എൻ. പ്രവീൺ അറിയിച്ചു. കണ്ടെത്തുന്ന സമയത്ത് ഷൂട്ടറെ എത്തിച്ച് വെടിവെക്കാനാണ് തീരുമാനം.
ഒച്ചിനെതിരെ നടപടിക്ക് അടിയന്തരയോഗം
ഒച്ചിന്‍റെ ശല്യം പരിഹരിക്കാനുള്ള പരിഹാരമാരായാൻ മേയർ ഡോ.ബീന ഫിലിപ് വിളിച്ചു ചേർക്കുന്ന യോഗം ഉടൻ നടക്കുമെന്ന് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ.എസ്. ജയശ്രീ അറിയിച്ചു.
നഗരത്തിലെ കോളജുകളിലെ ജന്തുശാസ്ത്രവകുപ്പ്, കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദഗ്ധരെ പങ്കെടുപ്പിച്ച് യോഗം വിളിക്കാനാണ് കോർപറേഷൻ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.