പന്തീരാങ്കാവ്: ദേശീയപാത നിർമാണത്തിനിടെ ജോലിക്കാരുടെ അശ്രദ്ധ കാരണം വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് ഗർഭഛിദ്രമുണ്ടായ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസത്തെ ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി. ജോലിക്കാർ ചുമലിലേറ്റി പോവുകയായിരുന്ന കമ്പി മുഖത്ത് കുത്തി ഒരു മാസം ഗർഭിണിയായ പന്തീരാങ്കാവ് സ്വദേശിനി ഇർഷദ് ലുലു (30) സ്കൂട്ടറിൽ നിന്നും വീഴുകയായിരുന്നു. കാലെല്ല് പൊട്ടി ശസ്ത്രക്രിയക്ക് വിധേയയായ യുവതിക്ക് ഗർഭഛിദ്രം സംഭവിച്ചു. ദേശീയപാത നിർമാണ കമ്പനി അപകടത്തിന് യുവതിയെ കുറ്റപ്പെടുത്തിയതിനെ തുടർന്ന് പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറും ജില്ല പൊലീസ് മേധാവിയും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 21ന് പരിഗണിക്കും. നഗരസഭയുടെ സ്ഥലം കൈയേറി സ്വകാര്യവ്യക്തി മതിൽ നിർമിച്ചിട്ടും പൊളിച്ചുനീക്കാൻ തയാറാകാത്ത നഗരസഭക്ക് നോട്ടീസ് അയക്കാനും കമീഷൻ തീരുമാനിച്ചിട്ടുണ്ട്. പൊറ്റമ്മൽ എരവത്തുകുന്ന് ഐ.ടി.ഐക്ക് സമീപമാണ് ഒരു മീറ്ററോളം സ്ഥലം കൈയേറി മൂന്നു വർഷം മുമ്പ് പരിസരവാസി മതിൽ നിർമിച്ചത്. നഗരസഭ സ്റ്റോപ് മെമ്മോ നൽകിയിട്ടും ഇവിടെ നിർമാണം പൂർത്തിയാക്കിയിരുന്നു. 15 ദിവസത്തിനകം കോഴിക്കോട് നഗരസഭ സെക്രട്ടറി വിശദീകരണം ഹാജരാക്കണമെന്നാണ് കമീഷൻ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.