കോഴിക്കോട് : പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിൽ നിന്ന് ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാനാണ്( 26) ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്ക്വാഡിന്റെയും കസബ പൊലീസിന്റെയും പിടിയിലായത്.
മാങ്കാവിലും പരിസര പ്രദേശങ്ങളിലും രാത്രി ലഹരിമരുന്ന് വിൽപന സജീവമാകുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ കസബ പൊലീസും ഡാൻസഫ് സ്ക്വാഡും തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതി കസ്റ്റഡിയിലായത്. പിടിയിലായപ്പോൾ ഇയാൾ പൊലീസിനെ പരിക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.
പൊലീസ് ബലം പ്രയോഗിച്ച് പ്രതിയെ കീഴടക്കുകയായിരുന്നു. ഇയാളിൽ നിന്ന് കച്ചവടത്തിനായി പൊതിയിലാക്കി സൂക്ഷിച്ച അഞ്ച് മില്ലി ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. പൊലീസിനെ ആക്രമിച്ചതുൾപ്പെടെ വകുപ്പുകൾ ചേർത്താണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഡാൻസഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എസ്.സി.പി.ഒ കെ. അഖിലേഷ് സി.പി.ഒ സുനോജ് കാരയിൽ, ജിനേഷ് ചൂലൂർ, അർജുൻ, കസബ സബ് ഇൻസ്പെക്ടർ ജഗത് മോഹൻ, വി.യു. ദിവ്യ, സി.പി.ഒ ബിനീഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.