മരിച്ച സിദീഖ്

കാട്ടുപന്നി കുറുകെ ചാടി; വാഹനാപകടത്തിൽ യുവാവ്​ മരിച്ചു

കോഴിക്കോട്​: തൊണ്ടയാട്​ ബൈപ്പാസിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ്​ ലോറി മാരുതി ഓമ്നി വാനിലിടിച്ച്​ യുവാവ്​ മരിച്ചു. വാനിലുണ്ടായിരുന്ന ചേളന്നൂർ ഇരുവള്ളൂർ ചിറ്റടിപ്പുറായിൽ സിദ്ധീഖാണ്​ (38) മരിച്ചത്​.

വാൻ യാത്രക്കാരായ കക്കോടി കിഴക്കുംമുറി മനവീട്ടിൽ താഴം ദൃശ്യൻ പ്രമോദ്​ (21), ചേളന്നൂർ എൻ.കെ. നഗർ അരയൻ കുളങ്ങര മീത്തൽ സന്നാഫ്​​ (29), ചാലിൽതാഴം കുറുക്കമ്പാറ താമസിക്കുന്ന വടക്കേ കക്കോടി മോരിക്കര എടോടി അനൂപ്​ (22) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സന്നാഫിന്‍റെ പരിക്ക്​ ഗുരുതരമാണ്​. തൊണ്ടയാട്​ ബൈപ്പാസിനും ഹൈലൈറ്റ്​ മാളിനും​ ഇടയിൽ വ്യാഴാഴ്ച പുലർച്ച 5.30 ഓടെയാണ്​ അപകടം. തൃശൂർ ഭാഗത്തേക്ക്​ സോളാർ ഉപകരണങ്ങളും മറ്റുമായി ഇലക്​ട്രിക്​ ജോലിക്കായി പോയ സംഘം സഞ്ചരിച്ച വാനിൽ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു.

പന്നി കുറുകെ ചാടിയാണ്​ ലോറി നിയന്ത്രണം വിട്ടതെന്നാണ്​ വിവരം. രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു എന്നു മാത്രമാണ് പൊലീസ് രേഖകളിലുള്ളത്.

അനൂപും പ്രമോദും വാനിന്‍റെ പിറകിൽ കിടന്നുറങ്ങുകയായിരുന്നു. വാഹനം ഓടിച്ചത് സന്നാഫായിരുന്നു.

സിദ്ധീഖിന്‍റെ പിതാവ്​: അബ്​ദു. മാതാവ്​: പാത്തുമ്മ. ഭാര്യ: ഷമീന. മക്കൾ: സാദി മുഹമ്മദ്​, സയാൻ മുഹമ്മദ്​.

Tags:    
News Summary - young man died in accident after wild boar jumped across

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.