പാലക്കാട്: മണ്ഡലത്തിലെ പട്ടയപ്രശ്നത്തിന് പരിഹാരം വേഗത്തിലാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നിയമസഭയിൽ ഷാഫി പറമ്പിൽ ഉന്നയിച്ച സബ്മിഷന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നഗരസഭയിൽ ഉൾപ്പെട്ട സുന്ദരം കോളനി, താണാവ് രാജീവ് നഗർ കോളനി, മാത്തൂർ പഞ്ചായത്ത്, കണ്ണാടി ഗ്രാമപഞ്ചായത്ത്, പിരായിരി പഞ്ചായത്ത് എന്നിവിടങ്ങളിൽ വർഷങ്ങളായി താമസിക്കുന്നവർക്ക് മതിയായ രേഖകൾ ഇല്ലാത്ത കാരണത്താൽ പട്ടയം ലഭ്യമായില്ല എന്ന വിഷയം ഗൗരവമായാണ് കാണുന്നത്.
സുന്ദരം കോളനി നിവാസികൾ ആരുംതന്നെ റവന്യൂ വകുപ്പ് മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടില്ല.
അപേക്ഷ സമർപ്പിക്കുന്ന മുറക്ക് മുനിസിപ്പാലിറ്റിയിൽനിന്നും പ്രസ്തുത ഭൂമി റവന്യൂ വകുപ്പിൽ നിക്ഷിപ്തമാക്കി ഭൂമി പതിവ് ചട്ടങ്ങൾക്ക് വിധേയമായി അർഹതക്കനുസരിച്ച് നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
താണാവ് രാജീവ് നഗർ കോളനി റവന്യൂ രേഖകൾ പ്രകാരം വനംവകുപ്പിന്റെ ഉടമസ്ഥതയിലായതാണ് പട്ടയം നൽകാനുള്ള തടസ്സം. വനംവകുപ്പിൽനിന്ന് അനുമതി ലഭ്യമായാലുടൻ മേൽനടപടി സ്വീകരിക്കും.
കണ്ണാടി ഗ്രാമപഞ്ചായത്ത്, പിരായിരി ഗ്രാമപഞ്ചായത്ത്, മാത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിലനിൽക്കുന്ന പട്ടയ പ്രശ്നങ്ങൾ ലാൻഡ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ടതാണ്.
പിരായിരി വില്ലേജ് പരിധിയിലെ 126 അപേക്ഷകളും മാത്തൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ 1, മാത്തൂർ 2 എന്നീ വില്ലേജുകളിൽനിന്നും 300 അപേക്ഷകളും കണ്ണാടി ഗ്രാമപഞ്ചായത്തിലെ കണ്ണാടി 1, കണ്ണാടി 2 വില്ലേജുകളിൽ നിന്നായി 116 അപേക്ഷകളും ലാൻഡ് ട്രൈബ്യൂണൽ മുമ്പാകെയുണ്ട്.
ഭൂപരിഷ്കരണ നിയമം അനുശാസിക്കുന്ന രേഖകൾ ഹാജരാക്കുന്നതിന് കഴിയാതിരിക്കുന്നതാണ് ക്രയ കൈവശക്കാർക്ക് സർട്ടിഫിക്കറ്റ് അനുവദിക്കാൻ തടസ്സമായി നിൽക്കുന്നതെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന ലാൻഡ് ബോർഡ് മുഖേന സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടിയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.