പള്ളിക്കല്‍: കോഴിപ്പുറം എല്‍.പി സ്കൂളിലെ 78 വിദ്യാർഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് എൽ.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലുൾപ്പെടെയുള്ള വിദ്യാർഥികളില്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണം കണ്ടുതുടങ്ങിയത്. പനി, ഛർദി, വയറിളക്കം, തലവേദന എന്നിവ അനുഭവപ്പെട്ട 38 കുട്ടികളെ പ്രദേശത്തെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ 26 പേരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്കും ആറുപേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. മറ്റുള്ളവർ ചേളാരി, ഫറോക്ക് ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് പള്ളിക്കലിലെ കൊണ്ടോട്ടി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. എസ്. സന്തോഷ് അറിയിച്ചു.
ഞായറാഴ്ച വൈകീട്ടോടെ വിദ്യാർഥികളിലുണ്ടായ ശാരീരികാസ്വാസ്ഥ്യം രാത്രി ഏഴോടെ കൂടുതലായി അനുഭവപ്പെട്ടതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. ഇതോടെ രക്ഷിതാക്കളും വിവരമറിഞ്ഞ അധ്യാപകരും ആശങ്കയിലായി. വിവരം പുറത്തറിഞ്ഞതോടെ സ്വകാര്യ ക്ലിനിക്കിലും പരിസരത്തും ജനം തടിച്ചുകൂടി.
ശനിയാഴ്ച എല്‍.കെ.ജി, യു.കെ.ജി വിദ്യാർഥികളൊഴികെ മറ്റുള്ളവര്‍ക്ക് ക്ലാസുണ്ടായിരുന്നു. ഇവര്‍ ചോറും പച്ചക്കറിയുമാണ് സ്കൂളിൽനിന്ന് കഴിച്ചത്. എന്നാല്‍, ശനിയാഴ്ച സ്കൂളില്‍ പോകാത്തവര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായിട്ടുണ്ട്. അതിനാല്‍ വെള്ളിയാഴ്ച കഴിച്ച ഭക്ഷണത്തിന്റെയോ കുടിച്ച വെള്ളത്തിന്റെയോ പ്രശ്നമാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടര്‍ന്ന് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി. മുസ്തഫ തങ്ങൾ, കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് കെ. ബിന്ദു, കൊണ്ടോട്ടി, വള്ളിക്കുന്ന് എം.എൽ.എമാരുടെ പ്രതിനിധികൾ തുടങ്ങിയവരും ഡോക്ടര്‍മാരും തേഞ്ഞിപ്പലം പൊലീസും സ്ഥലത്തെത്തിയിരുന്നു. ശാസ്ത്രീയ പരിശോധന ഫലം വന്നതിനുശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. തിങ്കളാഴ്ച സ്കൂളിൽ പരിശോധനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.