മലപ്പുറം: മോട്ടോർ വാഹനവകുപ്പിലെ 90 ശതമാനം സേവനങ്ങളും ഓൺലൈൻ വഴിയാക്കിയിട്ടും ജില്ലയിലെ ആർ.ടി. ഓഫിസുകളിൽ ഏജന്റുമാരുടെ നിയന്ത്രണം ശക്തം. മലപ്പുറം ആർ.ടി ഓഫിസിലും മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂരങ്ങാടി, തിരൂർ, പൊന്നാനി സബ് ആർ.ടി. ഓഫിസുകളിലും ഇടനിലക്കാർ വിഹരിക്കുകയാണ്. വിജിലൻസ് നിരീക്ഷണമുണ്ടായിട്ടും ഉദ്യോഗസ്ഥരും ഏജന്റുമാരും തമ്മിൽ അടുത്ത ബന്ധം തുടരുന്നു. ഉദ്യോഗസ്ഥർക്കുവേണ്ടി പണപ്പിരിവ് നടത്തുന്നത് ഏജന്റുമാർ.
ഓഫിസുകളിലും ഉദ്യോഗസ്ഥരുടെ കാബിനുകളിലും ഇടനിലക്കാർ ഫയലുകളുമായി കയറിയിറങ്ങുന്നു. ഓരോ ഏജന്റിനും സ്വന്തമായി രഹസ്യ കോഡുകളുണ്ട്. ഫയലുകളിൽ ഈ കോഡ് നമ്പർ രേഖപ്പെടുത്തുന്നതിനാൽ ഏജന്റുമാരെ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാനാവുന്നു. നിലമ്പൂർ സബ് ആർ.ടി ഓഫിസ് കേന്ദ്രീകരിച്ചാണ് സേവനങ്ങൾക്ക് ഏറ്റവും ഉയർന്ന തുക ഏജന്റുമാർ പിരിക്കുന്നത്. ഇടനിലക്കാരുടെ സാന്നിധ്യം ശക്തമായ തിരൂർ സബ് ആർ.ടി ഒാഫിസിലാണ് ഏജന്റുമാർ ഏറ്റവുമധികം വരുമാനം ഉണ്ടാകുന്നത്. മലപ്പുറം സബ് ആർ.ടി. ഓഫിസ് ഏജന്റുമാരുടെ പിടിയിലാണ്.
തിരൂരങ്ങാടി, കൊണ്ടോട്ടി സബ് ആർ.ടി ഓഫിസുകളിൽ ഇടനിലക്കാരുടെ സാന്നിധ്യം ശക്തമാണ്. തിരൂരങ്ങാടിയിൽ ഏജന്റുമാരാണ് ‘വ്യാജ ഉദ്യോഗസ്ഥനെ’ ബിനാമിയായി വെച്ചിരുന്നത്. വ്യാജന് ശമ്പളവും ഉദ്യോഗസ്ഥർക്ക് വിഹിതവും നൽകുന്നത് ഏജന്റുമാർ. ഏജന്റുമാർ മുഖേന നൽകുമ്പോൾ വേഗത്തിൽ സേവനം ലഭിക്കുന്നതാണ് പൊതുജനങ്ങൾ ഇവരെ സമീപിക്കാൻ കാരണം.
ഏജന്റുമാരുടെ ഇടപെടൽ തടയാൻ മോട്ടോർവാഹന വകുപ്പ് രണ്ടുവർഷം മുമ്പ് കൃത്യമായ മാർഗരേഖ തയാറാക്കിയിരുന്നു. 2021 ജൂൺ ഒന്നിന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തിലാണ് ആർ.ടി, സബ് ആർ.ടി. ഓഫിസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. വാഹൻ, സാരഥി, ഇ-ഓഫിസ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചു വേഗത്തിൽ പൊതുജനങ്ങൾക്ക് വഴിയുള്ള സേവനം നൽകാൻ ഗതാഗത മന്ത്രി നിർദേശം നൽകിയിരുന്നു.
ഇ-ഓഫിസ് നടത്തിപ്പിന് എല്ലാ ആർ.ടി, സബ് ആർ.ടി ഓഫിസുകളിലും ഇ-ഓഫിസിന് നോഡൽ ഓഫിസർമാരെ വെക്കാനും ഒഴിവുകൾ നികത്താനും നിർദേശിച്ചിരുന്നു. എന്നാൽ, മാർഗരേഖ പ്രകാരമുള്ള നടപടികൾ ഒരിടത്തും ഉണ്ടായില്ല. ഉദ്യോഗസ്ഥരുടെ തണലിൽ ‘ഏജന്റു’മാരുടെ ഭരണം മിക്ക മോട്ടോർ വാഹന ഓഫിസുകളിലും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.