കീഴുപറമ്പ്: കീഴുപറമ്പിൽ അനധികൃതമായി സൂക്ഷിച്ച 93 പാചകവാതക സിലിണ്ടറുകൾ പിടികൂടി. ചൊവ്വാഴ്ച ഏറനാട് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കിണറ്റിൻ കണ്ടിയിൽ സ്വകാര്യവ്യക്തിയുടെ വീടിനോട് ചേർന്ന കെട്ടിടത്തിൽനിന്ന് ഗാർഹിക, വ്യവസായിക ആവശ്യത്തിനുള്ള സിലിണ്ടറുകൾ കണ്ടെത്തിയത്.
ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളിൽനിന്ന് വ്യവസായിക ആവശ്യത്തിനുള്ളവയിലേക്ക് അപകടകരമായ രീതിയിൽ പാചകവാതകം നിറക്കുന്നതായ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ അരീക്കോട് സൗത്ത് പുത്തലത്തുനിന്നും ഇത്തരത്തിൽ സിലിണ്ടറുകൾ ഏറനാട് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു.
ഗാർഹിക ആവശ്യത്തിനുള്ള 21 എണ്ണവും വ്യവസായിക ആവശ്യത്തിനുള്ള 72 എണ്ണവുമാണ് കീഴുപറമ്പിൽനിന്ന് പിടിച്ചെടുത്തത്. പിടികൂടിയ മുഴുവൻ സിലിണ്ടറുകൾ കുറ്റൂളിയിലെ ഫിനാർ ഗ്യാസിന്റെ ഗോഡൗണിലേക്ക് മാറ്റി. പിടികൂടിയ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകളിൽ പാചകവാതകം ഉണ്ടായിരുന്നില്ല. സംഭവത്തിൽ തുടർ നടപടികൾക്കായി ഏറനാട് സപ്ലൈ ഓഫിസർ കലക്ടർക്ക് വിശദമായ റിപ്പോർട്ടും കൈമാറിയിട്ടുണ്ട്. ഏറനാട് താലൂക്ക് സപ്ലൈ ഓഫിസർ സി.എ. വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ റേഷനിങ് ഇൻസ്പെക്ടർ പി. പ്രദീപ്, ജീവനക്കാരായ കെ. മുഹമ്മദ് സാദിഖ്, എം. സുഹൈൽ, ദിനേശ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.