മലപ്പുറം: വേങ്ങര സ്വദേശിയുടെ ഒരു കോടി തട്ടിയെടുത്ത കേസിൽ പ്രതിയെ ബിഹാറിൽനിന്ന് അറസ്റ്റ് ചെയ്ത് മലപ്പുറം സൈബർ പൊലീസ്. ഷെയർ ട്രേഡിങ് ചെയ്ത് മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ 1.08 കോടി രൂപ തട്ടിയെടുത്തത്. വേങ്ങര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണം നടത്തുന്നതിനായി മലപ്പുറം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജന് കൈമാറുകയായിരുന്നു.
പ്രതിയെ അന്വേഷിച്ച് കർണാടകയിലെത്തിയ അന്വേഷണ സംഘം മടിക്കേരിയിലെ വാടക വീട്ടിൽ ഡൽഹി സ്വദേശിയായ റോഷൻ എന്നയാളെ കഴിഞ്ഞ മേയ് മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് 50,000 സിം കാർഡുകളും 180ൽപരം മൊബൈൽ ഫോണുകളും പിടികൂടിയതോടെയാണ് കേസിൽ വഴിത്തിരിവാകുന്നത്. റോഷനിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു പ്രതിയെ ഹരിയാനയിൽനിന്ന് പിടികൂടി തുടരന്വേഷണം നടത്തിയപ്പോഴാണ് ബിഹാർ സ്വദേശിയായ അനീഷ് കുമാർ സോനു എന്നയാളെക്കുറിച്ച് വിവരം ലഭിക്കുന്നത്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തിൽ പ്രതിയെ പിന്തുടർന്ന് ബിഹാറിലെത്തിയ മലപ്പുറം സൈബർ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷൈജൽ പടിപ്പുര, കെ.എം. ഷാഫി പന്ത്രാല എന്നിവർ ദിവസങ്ങളോളം ബിഹാറിൽ ക്യാമ്പ് ചെയ്ത് പിന്തുടർന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.