പൊന്നാനി: നഗരസഭയിലെ അംഗൻവാടി ജീവനക്കാരുടെ നിയമനം ചട്ടങ്ങൾ മറികടന്ന് നടത്തിയെന്ന് ആരോപണം. അർഹതയുള്ളവരെ മാറ്റിനിർത്തി സി.പി.എം പ്രവർത്തകരും അനുഭാവികളുമായവർക്കു മാത്രം നിയമനം നൽകിയതായാണ് പരാതി.
22 അംഗൻവാടി ഹെൽപർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പട്ടിക പ്രസിദ്ധീകരിച്ചതിൽ 12 പേരും അനർഹരായവരെന്നാണ് പരാതി. മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇവരെ തിരുകിക്കയറ്റിയതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ചട്ടപ്രകാരം സീനിയോറിറ്റി, വിധവകൾ, എസ്.സി, എസ്.ടി, അവിവാഹിതർ, 40 വയസ്സിൽ കൂടുതലുള്ളവർ, ബി.പി.എൽ കാർഡുടമകൾ എന്നിവർ പട്ടികയിൽ ഉൾപ്പെടണമെന്നാണെങ്കിലും 12 പേർ ഈ യോഗ്യത ഇല്ലാത്തവരാണ്. കൂടാതെ ഒരു കുടുംബത്തിൽനിന്ന് രണ്ടുപേർ വരെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നിരവധി വർഷം ഹെൽപറായി ജോലി ചെയ്തവരും പട്ടികയിൽനിന്ന് പുറത്താണ്.
2020ലാണ് ഇന്റർവ്യൂ നടന്നത്. ഇന്റർവ്യൂ ബോർഡിൽ അഞ്ച് പൊതുപ്രവർത്തകർ വേണമെന്നിരിക്കെ എൽ.സി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയുമുൾപ്പെടെ സി.പി.എം നേതാക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റു പാർട്ടികളിൽ നിന്നുള്ളവരെ ഉൾപ്പെടുത്താതെ നിയമനം രാഷ്ട്രീയവത്കരിച്ചെന്നാണ് ആരോപണം. പട്ടികയിലെ രാഷ്ട്രീയവത്കരണം പരിശോധിക്കാമെന്ന് ഐ.സി.സി.എസ് സൂപ്പർവൈസർ പറഞ്ഞു.
സി.ഡി.പി.ഒയെ ഉപരോധിച്ചു
പൊന്നാനി: നഗരസഭയിലെ അംഗൻവാടികളിലേക്ക് ഹെൽപർമാരെ നിയമിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഐ.സി.ഡി.എസ് ഓഫിസറെ ഉപരോധിച്ചു.
ഹെൽപർമാരെ നിയമിച്ചതിനെയും സെലക്ഷൻ കമ്മിറ്റിയുടെ നിയമനത്തെയും കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടാണ് ഉപരോധസമരം നടത്തിയത്. ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക്ക്, പുന്നക്കൽ സുരേഷ്, ഭാരവാഹികളായ എ. പവിത്രകുമാർ, എൻ.പി. സേതുമാധവൻ, കെ. ജയപ്രകാശ്, സി.എ. ശിവകുമാർ, ടി.പി. ബാലൻ, എൻ.പി. നബീൽ, എം. അബ്ദുല്ലത്തീഫ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.