കൊണ്ടോട്ടി: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക്കു വേണ്ടി വെട്ടിപ്പൊളിച്ച നഗരസഭയിലെ റോഡുകള്‍ റീടാര്‍ ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റി അനുവദിച്ച തുക തനത് ഫണ്ടിലേക്ക് മാറ്റി കൊണ്ടോട്ടി നഗരസഭ ജില്ല ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ച പദ്ധതി ഭേദഗതിക്ക് ഒടുവില്‍ അംഗീകാരം. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പരാതിയെ തുടര്‍ന്ന് ഹിയറിങ്ങിനായി കഴിഞ്ഞ നവംബര്‍ 21ന് മാറ്റിവെച്ച പദ്ധതി ഭേദഗതിക്കുതന്നെയാണ് പിന്നീട് അംഗീകാരമായിരിക്കുന്നത്. ഇതില്‍ വാട്ടര്‍ അതോറിറ്റി അനുവദിച്ച തുക തനത് ഫണ്ടിലേക്ക് വകമാറ്റിയതിലെ ക്രമക്കേട് പരിഹരിച്ചിട്ടില്ല.
കിഫ്ബി പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ പഴയപടിയാക്കുന്നതിനു മാത്രമുപയോഗിക്കണം എന്ന നിബന്ധനയോടെ വാട്ടര്‍ അതോറിറ്റി 1.98 കോടി രൂപയാണ് നഗരസഭക്ക് അനുവദിച്ചിരുന്നത്. എന്നാല്‍, വെട്ടിപ്പൊളിച്ച ഭാഗങ്ങള്‍ക്കു പുറമെയുള്ള ഭാഗങ്ങളും നവീകരിക്കുന്നതിന് പര്യാപ്തമാകും വിധത്തില്‍ വാട്ടര്‍ അതോറിറ്റി അനുവദിച്ച തുക തനത് ഫണ്ടിലേക്ക് വകമാറ്റിയാണ് പദ്ധതി ഭേദഗതി റിപ്പോര്‍ട്ട് നഗരസഭ തയാറാക്കിയിരുന്നത്. പല റോഡുകള്‍ക്കും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയും നിലവിലുണ്ട്.
50 മീറ്ററില്‍ താഴെ മാത്രം വെട്ടിപ്പൊളിച്ച റോഡിന് 6.5 ലക്ഷം രൂപയാണ് വകയിരുത്തിയത്. എന്നാല്‍, 800 മീറ്ററോളം വെട്ടിപ്പൊളിച്ച റോഡിന് 4.5 ലക്ഷമാണ് വകയിരുത്തിയിരിക്കുന്നത്. ഇത്തരം ക്രമക്കേടുകളെ ആദ്യം ചോദ്യം ചെയ്തിരുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തുടര്‍ന്ന് കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കൊടിക്കുന്നത്ത് കപ്പേടത്ത് കുഴി റോഡിന് ആറ് ലക്ഷം, കുമ്പളപ്പാറ പനക്കപ്പറമ്പ് റോഡിന് നാല് ലക്ഷം, കൊറ്റങ്ങോട്ടുമുക്ക് പുല്ലിത്തൊടി റോഡിന് 4.5 ലക്ഷം, മേക്കാട് കൂലിരി റോഡിന് 1.5 ലക്ഷം, മേക്കാട് മണ്ണാരില്‍ റോഡിന് 2.5 ലക്ഷം, കുറുപ്പത്ത് കോയങ്ങാടി പിലാത്തോട്ടം റോഡിന് 2.5 ലക്ഷം, പാലക്കാപറമ്പ് റോഡിന് 4.5 ലക്ഷം, പാലക്കാപറമ്പ് പാത്ത് വേക്ക് രണ്ട് ലക്ഷം എന്നിങ്ങനെ കിഫ്ബി കുടിവെള്ള പദ്ധതിക്കു വേണ്ടി വെട്ടിപ്പൊളിക്കാത്ത എട്ടോളം റോഡുകള്ക്കടക്കമാണ് ഫണ്ട് വകയിരുത്തിയത്.
തീര്‍ത്തും ശാസ്ത്രീയമല്ലാത്ത രീതിയിലുള്ള ഫണ്ട് വിഭജനം വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ ഒട്ടും പര്യാപ്തമാവില്ലെന്ന സ്ഥിതി നിലനില്‍ക്കുന്ന സാഹചര്യമാണ് പദ്ധതി ഭേദഗതിക്ക് അംഗീകാരം ലഭിച്ചതോടെയുണ്ടായിരിക്കുന്നത്. പ്രോജക്ട് പുനഃപരിശോധിച്ച് കുടിവെള്ള പദ്ധതിക്കു വേണ്ടി വെട്ടിപ്പൊളിച്ച റോഡുകള്‍ക്കായി ഫണ്ട് പൂര്‍ണമായും വിനിയോഗിക്കണമെന്ന് കിഫ്ബി -അമൃത് വാട്ടര്‍ പ്രോജക്ട് പ്രൊട്ടക്ഷന്‍ ഫോറം ആവശ്യപ്പെട്ടു. ഹംസ പുത്തലത്ത്, അബ്ദുറഹ്മാന് ചിറയില്‍, സിദ്ദീഖ് പുതിയകത്ത്, മെഹര്‍ മന്‍സൂര്‍, റഫീഖ് ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.